കൊച്ചി: മെട്രോ റെയില്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലുവ മുതല്‍ ഇടപ്പള്ളി വരെ നടത്തുന്ന സര്‍വെ തടസപ്പെടുത്തരുതെന്ന് ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അഭ്യര്‍ഥിച്ചു. ദേശീയപാതയ്ക്ക് മധ്യത്തില്‍ മെട്രോയുടെ തൂണുകള്‍ നാട്ടുന്ന സാഹചര്യത്തില്‍ ഇരുഭാഗത്തും രണ്ട് നിര ഗതാഗതത്തിന് ആവശ്യമായ വീതിയുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് സര്‍വെ നടത്തുന്നത്. സ്ഥലം ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഈ സര്‍വെയെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡിന്റെ മധ്യത്തില്‍ നിന്നും ഇരുഭാഗത്തേക്കും ഏഴ് മീറ്ററാണ് ദേശീയപാത അതോറിറ്റി നിഷ്കര്‍ഷിക്കുന്ന വീതി. ഇത്തരത്തില്‍ വീതിയില്ലാത്ത സ്ഥലങ്ങളില്‍ മാത്രമാണ് ഭാവിയില്‍ സ്ഥലം ഏറ്റെടുക്കല്‍ വേണ്ടിവരിക. സര്‍വെ ഉദ്യോഗസ്ഥരെ തടസപ്പെടുത്തുന്നത് മെട്രോ റെയില്‍ പദ്ധതി വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
മെട്രോ കടന്നു പോകേണ്ട ബാനര്‍ജി റോഡില്‍ ഇനിയും വിട്ടുകിട്ടേണ്ട നാല് കെട്ടിടങ്ങളുടെ ഉടമകളുമായി ചര്‍ച്ച നടത്തി തീരുമാനമായതായി കളക്ടര്‍ പറഞ്ഞു. ഈ കെട്ടിടങ്ങള്‍ ഉടനെ ഡി.എം.ആര്.സിക്ക് കൈമാറും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ കൈവശമുള്ള ഒരു കെട്ടിടം ഈ മാസം 31നകവും കൈമാറും. സൗത്ത് റെയില്‍വെ സ്റ്റേഷന് റോഡില്‍ രജിസ്ട്രേഷന്, സര്‍വെ സൂപ്രണ്ട് ഓഫീസുകള്‍ക്ക് വേറെ സ്ഥലം കണ്ടെത്തി നല്കിയ ശേഷം ഈ കെട്ടിടങ്ങളും ഡിഎംആര്‍സിക്ക് കൈമാറും.
മെട്രോ റെയിലിന്റെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനു വേണ്ടി ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലം നല്‍കുന്നത് സംബന്ധിച്ച് ഉടനെ തീരുമാനമാകുമെന്ന് കളക്ടര്‍ പറഞ്ഞു. ഹൈക്കോടതിക്ക് സമീപം ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലം മൂന്നു വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കണമെന്ന ഡിഎംആര്‍സിയുടെ അഭ്യര്‍ഥനയിലും ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു.
മെട്രോ റെയില്‍ മുന്നൊരുക്കങ്ങളുടെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി കളക്ടര്‍ കെ.പി. മോഹന്‍ദാസ് പിള്ള, ഡിഎംആര്‍സി, കെഎംആര്‍എല്‍, സര്‍വെ, രജിസ്ട്രേഷന് ഉദ്യോഗസ്ഥര്‍, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: