കൊച്ചി: ഇന്ത്യയില്‍ സാമ്പത്തിക സ്ഥാപനങ്ങളിലും സൈബര്‍ മേഖലയിലുമായി നടക്കുന്ന തട്ടിപ്പുകളിലൂടെ പ്രതിവര്‍ഷം 8000 കോടിയിലേറെ രൂപ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് മേഖല, മ്യൂച്ചല്‍ ഫണ്ടുകള്‍, ഓഹരി വിപണികള്‍ തുടങ്ങിയവയാണ് തട്ടിപ്പുകള്‍ക്കിരയായി സാമ്പത്തികനഷ്ടം വരുന്ന മേഖലകള്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടിനകം ഈ മേഖലയിലുണ്ടാകുന്ന തട്ടിപ്പുകളുടെ എണ്ണത്തിലും കേസുകളിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. രാജ്യം സാമ്പത്തിക വളര്‍ച്ച നേരിടുന്ന ഘട്ടങ്ങളില്‍ സാമ്പത്തികാനുബന്ധ മേഖലയിലുണ്ടാകുന്ന തട്ടിപ്പുകളുടെ സംഖ്യാ വര്‍ധനവും തുകയിലുണ്ടാകുന്ന അനിയന്ത്രിത ഉയര്‍ച്ചയും സാമ്പത്തിക സംഘടനകള്‍ക്കൊപ്പം വാണിജ്യ-വ്യവസായ സംഘടനകളിലും ആശങ്കയുണര്‍ത്തിക്കഴിഞ്ഞു. സ്വകാര്യ-വിദേശ സഹകരണബാങ്കുകള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലുണ്ടാകുന്ന തട്ടിപ്പുകേസുകളുടെ സംഖ്യയും ചേര്‍ത്താലിത് 10,000 കോടിയിലേറെ രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യയില്‍ 2011-12 സാമ്പത്തികവര്‍ഷം ധനകാര്യ സ്ഥാപനങ്ങളിലുണ്ടായ തട്ടിപ്പ് കേസുകളുടെയും സംഖ്യയുടെയും വര്‍ധനവ് 63 ശതമാനമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രാജ്യതെ 29 സംസ്ഥാനങ്ങളില്‍ 24 സംസ്ഥാനങ്ങളില്‍നിന്നും തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ബാങ്കിംഗ് രംഗത്ത് രാജ്യതലസ്ഥാനമായ ദല്‍ഹി 80 കോടി രൂപയുടെ തട്ടിപ്പുമായി ഒന്നാംസ്ഥാനത്തുണ്ട്. 50 കോടി രൂപയുടെ തട്ടിപ്പ് നടന്ന ആന്ധ്ര രണ്ടാമതാണ്. ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലും തട്ടിപ്പു കേസുകളിലൂടെയുണ്ടാകുന്ന നഷ്ടം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നത് ബാങ്കിംഗ് ഉന്നതതല കേന്ദ്രങ്ങള്‍ക്കൊപ്പം ആര്‍ബിഐ, പോലീസ്, കുറ്റാന്വേഷണവിഭാഗം എന്നീ കേന്ദ്രങ്ങളിലും ആശങ്കയും ആശ്ചര്യവുമുണര്ത്തിക്കഴിഞ്ഞു. 2009-10 സാമ്പത്തികവര്‍ഷം 2017 കോടി രൂപയാണ് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് തട്ടിപ്പ് കേസുകളിലൂടെ നഷ്ടമായത്. 2010-11 വര്‍ഷമിത് 3799 കോടി രൂപയായി വര്‍ധിച്ചു. 2011-12 വര്‍ഷമിത് 4448 കോടി രൂപയായി കുതിക്കുകയും ചെയ്തു. 2009-10 വര്‍ഷം 2000ത്തിന് താഴെയായിരുന്നു തട്ടിപ്പ് കേസുകള്‍. 2011-12 വര്‍ഷം 5569 കേസുകളായും വര്‍ധിച്ചു. വ്യാജ പ്രമാണങ്ങളിലൂടെ വായ്പ നേടുക, ബാങ്കുകളറിയാതെ ഈട് നല്കിയ വസ്തുക്കള്‍ വില്‍പ്പന നടത്തുക, ലോണുകളുടെ ദുരുപയോഗം, കിട്ടാക്കടത്തിലുണ്ടാക്കിയ വ്യതിയാനങ്ങള്‍, ഡയറക്ടര്‍ സെയില്‍സ് ഏജന്റ്സ് വഴിയുള്ള കൃത്യവിലോപം തുടങ്ങിയവ തട്ടിപ്പ് കേസുകളുടെ പട്ടികയിലുണ്ട്.
ധനകാര്യ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ഫണ്ട് മേഖലയടക്കമുള്ളവയും ചേര്‍ത്താല്‍ തട്ടിപ്പുകേസുകളുടെ വ്യാപ്തി 63 ശതമാനം വരെയായി ഉയരുമെന്നാണ് വിലയിരുത്തല്‍. 2011-12 വര്‍ഷം ഈ മേഖലയിലുണ്ടായ നഷ്ടം 6600 കോടി രൂപയാണ്. 2010-11 വര്‍ഷമിത് 3790 കോടി രൂപയായിരുന്നു. കേസുകളുടെ എണ്ണമാകട്ടെ 1800 ആയി വര്‍ധിക്കുകയും ചെയ്തു. തട്ടിപ്പ് കേസുകളില്‍ 79 ശതമാനം കുറ്റകൃത്യങ്ങളും ഒരുലക്ഷം രൂപയില്‍ കൂടുതലുള്ള തുകയുടേതുമാണ്. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ (തട്ടിപ്പുകളില്‍) ഉന്നത ഓഫീസര്‍മാരുടെ പങ്കാളിത്തം ഏറിവരികയും ചെയ്യുന്നതായും പറയുന്നു.
ഓഹരി വിപണിയിലും തട്ടിപ്പ് കേസുകളും കുറ്റകൃത്യങ്ങളും ഏറിവരികയാണെന്നാണ് വിലയിരുത്തല്‍. ആദ്യകാലങ്ങളില്‍ അനിയന്ത്രിതമായിരുന്ന ഓഹരി വിപണികളില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ കടുത്ത നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും തട്ടിപ്പ് കേസുകളുടെ എണ്ണത്തിലെ വര്‍ധനയ്ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയുമിത് കൂടുതല്‍ ശക്തമാക്കണമെന്നാവശ്യമാണുയരുന്നത്. വ്യാജ രേഖകള്‍, വില്‍പ്പന നിരക്കുകളിലെ കൃത്രിമത്വം, അടച്ചുപൂട്ടിയ കമ്പനി ഓഹരികളുടെ ഇടപാടുകള്‍ തുടങ്ങി ഒാഹരി വിപണിയില്‍ തട്ടിപ്പ് സംഭവങ്ങള്‍ ഏറെയാണ്. ഓഹരിവിപണികളിലുണ്ടാകുന്ന വന്‍കിട കമ്പനികളുടെ വ്യാജ ഇടപാടുകളും സെബിയുടെ പിഴ ഈടാക്കല്‍ സംഖ്യയും വര്‍ധിച്ചുവരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2010-11 വര്‍ഷം സെബി പിഴ ഈടാക്കിയ കമ്പനികള്‍ മൂന്നും, സംഖ്യ 48 ലക്ഷവുമാണ്. 2011-12ല്‍ ഇത് അഞ്ച് കമ്പനികളും 53 ലക്ഷവുമായി വര്‍ധിച്ചു. 2012-13 വര്‍ഷം ഡിസംബര്‍ വരെ സെബി പതിനൊന്ന് കമ്പനികളില്‍നിന്ന് 50 ലക്ഷം രൂപ ഈടാക്കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ധനകാര്യ സ്ഥാപനങ്ങളിലെ സൈബര്‍ മേഖലയിലുണ്ടാകുന്ന തട്ടിപ്പ് കേസുകളും സംഖ്യയും അനിയന്ത്രിതമായി വര്‍ധിച്ചുവരികയാണ്. ബാങ്കിംഗ് അക്കൗണ്ടുകളില്‍നിന്നുള്ള ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍, എടിഎം കൗണ്ടര്‍ തട്ടിപ്പുകള്‍, വ്യാജ കുറി തട്ടിപ്പുകള്‍, സ്വര്‍ണ്ണവായ്പകള്‍ തുടങ്ങി ധനകാര്യ ബാങ്കിംഗ് രംഗത്തുണ്ടാകുന്ന സൈബര്‍ കുറ്റകൃത്യങ്ങളിലൂടെയുണ്ടാകുന്ന തുകകള്‍ പ്രതിവര്‍ഷം 1000 കോടി രൂപയിലുമേറെയാണെന്നാണ് കണക്ക്. ധനകാര്യ മേഖലയിലുണ്ടാകുന്ന തട്ടിപ്പ് കേസുകളുടെ എണ്ണത്തിലെ വര്‍ധനവും തുകയുടെ ഉയര്‍ച്ചയും നിക്ഷേപകര്‍ക്കൊപ്പം ബാങ്കിംഗ് രംഗത്തും പുതിയ മാനങ്ങളുയര്ത്തിക്കഴിഞ്ഞു. ഓരോ ഘട്ടങ്ങളിലും മുഖം മാറിവരുന്ന തട്ടിപ്പ് കേന്ദ്രങ്ങളെ തിരിച്ചറിയുവാനുള്ള തന്ത്രങ്ങള്‍ മെനയുവാനും ഇവരില്‍നിന്ന് നഷ്ടപ്പെട്ട തുകകള്‍ ഈടാക്കുവാനും ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറെടുക്കുന്നതും പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: