ന്യൂദല്‍ഹി: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളില്‍ അധികസേനയെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. പതിനായിരത്തിലധികം വരുന്ന അര്‍ധസൈനിക സേനാംഗങ്ങളെ നിയോഗിക്കാനാണ് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
ഒഡീഷ, ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാകും പ്രധാനമായും അധികസേനയെ വിന്യസിക്കുക. അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ അധികസേനയെ വിന്യസിക്കും. ഇതോടെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികരുടെ എണ്ണം 85000 കവിയും. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് സിആര്‍പിഎഫ് ജവാന്മാരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങളില്‍ ബോംബ് ഒളിപ്പിച്ച് സ്ഫോടനം നടത്താനും മാവോയിസ്റ്റുകള്‍ ശ്രമിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ കൂടുതല്‍ സുരക്ഷാസേനയെ ഇറക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.
നിലവില്‍ 85000ത്തോളം സേനയെയാണ് മാവോയിസ്റ്റ് പോരാട്ടങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.മാവോയിസ്റ്റ് ആക്രമണം രൂക്ഷമായ ഝാര്‍ഖണ്ഡില്‍ അധികസേനയെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ പ്രണയ് ഷായി പറഞ്ഞു. ഇവിടെ മാത്രം നൂറിനും നൂറ്റി അമ്പതിനും ഇടയില്‍ മാവോയിസ്റ്റുകളാണ് ഉള്ളത്. കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന വെടിവെപ്പില്‍ പത്തോളം സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പട്ടത്. അടുത്തിടെ നടന്ന രൂക്ഷമായ മാവോയിസ്റ്റ് ആക്രമണമായിരുന്നു ഇത്. ഇരു ഭാഗത്തിനും നഷ്ടങ്ങളുണ്ടായി. അതിജീവനത്തിന്റെയും പിടിച്ചടക്കലിന്റെയും യുദ്ധമായിരുന്നു അന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തോളം അധികസേനയെ ഝാര്‍ഖണ്ഡില്‍ മാത്രം വിന്യസിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര സെക്രട്ടറി ആര്.കെ സിംഗ് പറഞ്ഞു. അതിര്‍ത്തിയിലുണ്ടായിരിക്കുന്ന സംഘര്‍ഷവും മാവോയിസ്റ്റ് ആക്രമണങ്ങളും രാജ്യത്തിന്റെ സുരക്ഷക്ക് വെല്ലുവിളിയായിരിക്കുകയാണെന്നും അതീവ ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാവോയിസ്റ്റ് ആക്രമണ സ്ഥലത്തുനിന്നും പാക് നിര്‍മ്മിത സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും, പാക്കിസ്ഥാനിലെ ചില ഭീകരസംഘടനകളില്‍ നിന്നും ഇവര്‍ക്ക് സഹായം ലഭിക്കുന്നുണ്ടെന്നതിന് തെളിവുണ്ടെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: