ഹൈദരാബാദ്: വിവാദ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ ആന്ധ്രയിലെ മജ്ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന് നിയമസഭാകക്ഷി നേതാവ് അക്ബറുദ്ദീന്‍ ഒവൈസിയെ 14 ദിവസത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച്ച അറസ്റ്റു ചെയ്ത ഒവൈസിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നിര്‍മല്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
ചൊവ്വാഴ്ച്ച രാവിലെ എംഎല്‍എയുടെ വസതിയിലെത്തിയ പോലീസ് സംഘം ഒവൈസിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. പരിശോധനയില്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്നു ബോധ്യമായതോടെയായിരുന്നു അറസ്റ്റ്. വിവാദ പ്രസംഗത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ടിനാണ് നിര്‍മല്‍ പോലീസ് ഒവൈസിക്കെതിരേ കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ നിന്നും ചികിത്സയ്ക്കുശേഷം ഒവൈസി ഹൈദരാബാദിലെത്തിയത്. പോലീസ് അറസ്റ്റുചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ടു ഒവൈസി ആന്ധ്രാ ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ഇതിനിടെ അറസ്റ്റിന് തുടര്‍ന്ന് ഒവൈസി തളര്‍ന്നു വീണതായും ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു.
നിസാമബാദില്‍ ഡിസംബര്‍ എട്ടിനായിരുന്നു വര്‍ഗീയവികാരം ഇളക്കിവിട്ടുകൊണ്ട് അക്ബറുദ്ദീന്‍ പ്രസംഗിച്ചതെങ്കില്‍ അദിലാബാദിലെ നിര്‍മല്‍ ടൗണില്‍ ഡിസംബര്‍ 24നാണ് അത്തരത്തില്‍ സംസാരിച്ചത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധകോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നെങ്കിലും ആന്ധ്രാപ്രദേശ് നിയമസഭയില്‍ എംഐഎം കക്ഷിനേതാവും എംഎല്‍എയും കൂടിയായ അക്ബറുദ്ദീനെതിരെ ചെറുവിരലനക്കാന്‍ പോലീസ് തയ്യാറായില്ല. ഇയാളുടെ മൂത്തസഹോദരന് അസാദുദ്ദീന്‍ ഒവൈസി ഹൈദരാബാദില്‍ നിന്നുള്ള ലോക്സഭാ അംഗമാണ്.
വിവിധ സമുദായങ്ങള്‍ തമ്മില്‍ മനപ്പൂര്‍വം കലഹമുണ്ടാക്കുംവിധം പ്രസംഗിച്ചു എന്ന കുറ്റത്തിന് ഐപിസി വകുപ്പ് 153(എ) പ്രകാരമാണ് അക്ബറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ 24ന് നിര്‍മല്‍ ടൗണില്‍ രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തില്‍ ഒരു പ്രത്യേക മതവിഭാഗത്തെ ശക്തിപരീക്ഷണത്തിന് ഇയാള്‍ വെല്ലുവിളിക്കുകയും ചെയ്തു. നിര്‍മല്‍ പ്രസംഗത്തിനെതിരെ അഭിഭാഷകനായ കാഷിംഷെട്ടി കരുണാ സാഗര്‍ എന്നയാള്‍ നല്കിയ പരാതിയില്‍ പ്രാദേശിക കോടതി വിധി വരുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് അക്ബറുദ്ദീനെതിരെ പോലീസ് നടപടി ഉണ്ടായത്. വിവാദ പ്രസംഗത്തില്‍ ഒവൈസിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകള്‍ കേസെടുത്തിട്ടുണ്ട്. ഈ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒവൈസി ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: