മരട് (കൊച്ചി): തിങ്കളാഴ്ച രാത്രി നെട്ടൂരില്‍ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുമ്പളം സ്വദേശി പിടിയില്‍. കാരിപ്പായി എന്ന് വിളിക്കുന്ന ജോഷി (42)യെയാണ് ഇന്നലെ രാത്രി ഒരു മണിയോടെ ചേര്‍ത്തലയില്‍നിന്നും പോലീസ് പിടികൂടിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്കുന്ന സൂചന. കൊച്ചി നഗരത്തിലെ സീക്കിംഗ് ഹോട്ടലിന്റെ മാനേജരും നഗരത്തിലെതന്നെ കിംഗ്സ് ഷൂമാര്‍ട്ട് എന്ന സ്ഥാപനത്തിന്റെ ഉടമയുംകൂടിയാണ് കൊല്ലപ്പെട്ട പി.എ. ഷംസുദ്ദീന് (60).
രാത്രി ഒന്‍പതരയോടെ നെട്ടൂര്‍ ഐഎന്‍ടിയുസിക്ക് സമീപത്തെ പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള റോഡിലാണ് ഷംസുദ്ദീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ 10 മണിയോടെ മാത്രമാണ് സംഭവം പ്രദേശവാസികള്‍ അറിഞ്ഞത്. നെഞ്ചിലും വയറിലും കുത്തേറ്റതിന്റെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. വിവരം ലഭിച്ച് പനങ്ങാട് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്നും മൊബെയില്‍ ഫോണുകളും തിരിച്ചറിയല്‍ രേഖകളും മറ്റും ലഭിച്ചിരുന്നു. തുടര്‍ന്ന് മൊബെയില്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല നടത്തിയ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചത്.
കൊല നടത്തിയ ആളെന്ന് പോലീസ് പറയുന്ന ജോഷിയുടെ അരൂരിലെ വീട്ടില്‍ രാത്രിതന്നെ പോലീസ് പിന്തുടര്‍ന്നെത്തിയെങ്കിലും ഇയാള്‍ അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ബസിലോ മറ്റോ ഇയാള്‍ കടക്കാന്‍ സാധ്യത മുന്നില്‍കണ്ട് ചേര്‍ത്തല ബസ്സ്റ്റാന്റിലെത്തിയപ്പോഴാണ് ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജോഷി പിടിയിലായത്.
കൊല്ലപ്പെട്ട ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ജോഷി ഇടപെട്ട് വില്‍പ്പന നടത്തിയിരുന്നു. ഇതിന്റെ കമ്മീഷന് ഇനത്തില്‍ ലഭിക്കുവാനുള്ള 12 ലക്ഷം രൂപ നല്കാന് വിസമ്മതിച്ചതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഖൈരുന്നീസയാണ് കൊല്ലപ്പെട്ട ഷംസുദ്ദീന്റെ ഭാര്യ. മക്കള്‍: നിഷിന്, തന്‍സീര്‍. മൃതശരീരം എറണാകുളം സെന്‍ട്രല്‍ ജൂമാമസ്ജിദില് വൈകിട്ട് ഖബറടക്കി. എറണാകുളം സൗത്ത് സിഐ ജി. വേണു, പനങ്ങാട് എസ്ഐ എബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിക്കുവേണ്ടി തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: