കൊച്ചി: വേതന വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസ് ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് ആദ്യദിവസംതന്നെ സാധാരണ ജനങ്ങളെ വലച്ചു. പണിമുടക്ക് ഏറെക്കുറെ പൂര്‍ണ്ണമായിരുന്നു. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റുകളും ഫാസ്റ്റ്പാസഞ്ചറുകളും ഏതാനും ഓര്‍ഡിനറി ബസ്സുകളും ഇടക്കിടെ റോഡുകളില്‍ കണ്ടതൊഴിച്ചാല്‍ സാധാരണ ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഏറെ വാഹനങ്ങളൊന്നും നിരത്തില്‍ ഇറങ്ങിയില്ല.
അതേസമയം, സ്വകാര്യ കാറുകളും ബൈക്കുകളും റോഡുകളില്‍ നിറഞ്ഞൊഴുകി. കെഎസ്ആര്‍ടിസി സ്റ്റാന്റുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മുതല്‍തന്നെ വിവിധ ബസ്സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ നിറഞ്ഞിരുന്നെങ്കിലും യാത്രക്കായി വാഹനങ്ങളൊന്നും കിട്ടിയില്ല. യാത്രക്കാരെ കുത്തിനിറച്ചെത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ തന്നെയായിരുന്നു ഏറെപ്പേര്‍ക്കും ആശ്രയമായത്. അത്യാവശ്യക്കാരല്ലാത്തവര്‍ യാത്ര ഉപേക്ഷിച്ച് തിരികെ പോകുന്നതും കാണാമായിരുന്നു. പല പ്രദേശങ്ങളിലും ഗതാഗതസൗകര്യമില്ലാതെ ജനങ്ങള്‍ ഏറെ കഷ്ടപ്പെട്ടു. ദിവസവേതനക്കാര്‍ പണിയെടുക്കുന്ന വിവിധ തൊഴില്‍ മേഖലകളിലും കാര്യമായ പണിയൊന്നും ഇന്നലെ നടന്നില്ല. തൊഴിലാളികള്‍ക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്നതാണ് കാരണം. റോഡുകളിലും കച്ചവട സ്ഥാപനങ്ങളിലുമൊക്കെ ആളുകള്നന്നെ കുറവായിരുന്നു. ഓട്ടോറിക്ഷകള്‍ക്കും കാര്യമായ കൊയ്ത്തൊന്നും കിട്ടിയില്ല.
ഇതിനിടെ, സിഗ്നല്‍ തകരാര്‍ മൂലം ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടതും യാത്രക്കാരെ വലച്ചു. പല സ്റ്റേഷനുകളിലും ഇത് ജനരോഷത്തിനും ഇടയാക്കി. സ്വകാര്യ ബസ് തൊഴിലാളികളുടെ സംഘടനകളുമായി തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍ ഇന്ന് രാവിലെ 11ന് ചര്‍ച്ച നടത്തും. എറണാകുളം ഗസ്തൗസിലാണ് ചര്‍ച്ച. ശമ്പളത്തില്‍ 50 ശതമാനം വര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: