കൊച്ചി: ലോകരാജ്യങ്ങളില്‍ വിദേശനാണയ ശേഖര ശതമാനത്തില്‍ സ്വര്‍ണം മുതല്ക്കൂട്ടായിട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യ പത്താം സ്ഥാനത്തെത്തി. ആഗോളതലത്തില്‍ സ്വര്‍ണവിപണി കരുത്താര്‍ജ്ജിക്കുകയും വിവിധ രാജ്യങ്ങളിലെ സ്വര്‍ണം വാരിക്കൂട്ടുവാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോഴാണ് ഇന്ത്യയുടെ മുന്നേറ്റം പ്രകടമായിരിക്കുന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ സര്‍ക്കാരിന്റെ വിദേശ നാണയ ശേഖരണത്തില്‍ 558 ടണ്‍ സ്വര്‍ണമാണ് ശേഖരമായിട്ടുള്ളത്. രാജ്യത്തെ ആളോഹരി-പ്രതിശീര്‍ഷ വരുമാന തോതിന്റെ 10.3 ശതമാനം തോതായാണ് ഇതിനെ വിലയിരുത്തുന്നത്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.8133.5 ടണ്‍ സ്വര്‍ണമാണ് അമേരിക്കന്‍ ശേഖരത്തിലുള്ളത്. 3391 ടണ്‍ സ്വര്‍ണ ശേഖരമുള്ള ജര്‍മ്മനി രണ്ടാം സ്ഥാനത്തും 2451.8 ടണ്‍ സ്വര്‍ണ ശേഖരമുള്ള ഇറ്റലി മൂന്നും 2435 ടണ്‍ ശേഖരമുള്ള ഫ്രാന്‍സ് നാലും 1054 ടണ്‍ സ്വര്‍ണശേഖരമുള്ള ചൈന അഞ്ചാംസ്ഥാനത്തും നിലകൊള്ളുകയാണ്. 1040 ടണ്‍ സ്വര്‍ണ ശേഖരവുമായി സ്വിറ്റ്സര്‍ലന്റ് ആറും 935 ടണ്‍ ശേഖരവുമായി റഷ്യ ഏഴും 765 ടണ്‍ ശേഖരവുമായി ജപ്പാന് എട്ടാം സ്ഥാനത്തും 612.5 ടണ്‍ ശേഖരവുമായി നെതര്‍ലാന്റ് ഒന്‍പതാം സ്ഥാനത്തുമുണ്ട്. പത്താം സ്ഥാനം നേടിയ ഇന്ത്യയുടെ ഏറെ പിന്നിലാണ്. അയല്‍രാജ്യങ്ങളായ ശ്രീലങ്ക, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നിവയെന്നത് ഇന്ത്യയുടെ ശക്തമായ സാമ്പത്തികസ്ഥിതിയെ പ്രകടമാക്കുന്നതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് സ്വര്‍ണ വില്‍പ്പനയുടെ 60-65 ശതമാനം വിഹിതവും ഇന്ത്യയിലാണെന്നത് ഇന്ത്യയുടെ സ്വര്‍ണശേഖരത്തിന് ശക്തിയേകിയതായാണ് പറയുന്നത്. ആഗോള സ്വര്‍ണവില ന്യൂയോര്‍ക്കില്‍ ട്രായ് ഔണ്‍സിന് 2011 സപ്തംബര്‍ 6 ലെ 1944 ഡോളര്‍ നിരക്കിന്റെ റെക്കാര്ഡിട്ടപ്പോഴും ഇന്ത്യയിലെ ഉപഭോഗ-ഇറക്കുമതി ശരാശരിയില്‍ കാര്യമായ വ്യതിയാനം വരാത്തത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തേയും ജനങ്ങളുടെ സാമ്പത്തിക ശേഷിയുടേയും കരുത്താണ് വെളിപ്പെടുത്തിയത്. ആഭ്യന്തര സ്വര്‍ണ വിപണിയില്‍ പ്രതിവര്‍ഷം 800 മെട്രിക് ടണ്‍ സ്വര്‍ണ വില്‍പ്പനയാണ് നടക്കുന്നതെന്ന് വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നു. ഓരോ വര്‍ഷവും ശരാശരി 900 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യപ്പെടുന്നത്. എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സ്വര്‍ണ്ണവിപണിയില്‍ കുത്തനെയുള്ള വിലകുതിപ്പുണ്ടായപ്പോഴും ഇന്ത്യയുടെ ഉപഭോഗത്തില്‍ 80 ശതമാനത്തില്‍ താഴെ മാത്രമേ കുറവുണ്ടായിട്ടുള്ളൂവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യന്‍ സ്വര്‍ണവിപണിയില്‍ മൊത്തവില്‍പ്പനക്കാര്‍, ഇറക്കുമതിക്കാര്‍, പണിശാലകള്‍ തുടങ്ങി വിവിധ തലങ്ങളിലായി മൂന്ന് ലക്ഷം കച്ചവടക്കാര്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. ഓരോ വര്‍ഷം സ്വര്‍ണവിലയിലുണ്ടാകുന്ന വില വര്‍ധന ആഭ്യന്തര വില്‍പ്പനയ്ക്ക് തളര്ച്ചയേകിയിട്ടുണ്ടെങ്കിലും രൂപമാറ്റവും പഴയ സ്വര്‍ണ വില്‍പ്പന, കാരറ്റ് മാറ്റം എന്നിവയിലൂടെ ലക്ഷക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് ഇന്ത്യന്‍ വിപണിയില്‍ നടന്നുവരുന്നത്. ഇത് സ്വര്‍ണവില്‍പ്പന കേന്ദ്രങ്ങള്‍ക്കൊപ്പം അനുബന്ധ മേഖലയിലും തൊഴിലവസരങ്ങളും നിലനില്‍പ്പിനും കാരണമാകുന്നുമുണ്ട്.
പ്രതിവര്‍ഷം ദീപാവലിയോടടുത്തുള്ള ധന്തേരാസ്സും അക്ഷയതൃതീയ ദിനങ്ങളിലാണ് സ്വര്‍ണ വില്‍പ്പനയില്‍ വന്‍ മുന്നേറ്റം പ്രകടമാക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഉത്സവ-വിവാഹ സീസണുകളില്‍ വില്‍പ്പനയില്‍ വളര്ച്ചയുണ്ടാകാറുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ “എക്സ്ചേഞ്ച്” ശൈലിയ്ക്കാണ് പ്രചാരമേറുന്നത്. 2012 സപ്തംബറില്‍ മുംബൈ വിപണിയിലുണ്ടായ 10 ഗ്രാം തങ്കം വിലയായ 34200 രൂപയാണ് റെക്കാര്‍ഡ് നിരക്ക്. ആഗോള വിപണിയില്‍ ട്രായ് ഔണ്‍സി(31.1 ഗ്രാം)ന് 1806 ഡോളര്‍ നിലവാരമാണ് ഇന്ത്യയില്‍ സ്വര്‍ണവില റെക്കാര്ഡിലെത്തിച്ചത്. മുന്‍കാലങ്ങളിലുള്ളതിനേക്കാള്‍ രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ ഡോളറിന്റെ കരുത്താണ് വില വര്ധനയ്ക്കിടയാക്കിയതെന്ന് പറയുമ്പോഴും സ്വര്ണകച്ചവടക്കാരിലുണ്ടായ ആശങ്കയും അമിതാവേശവും വില വര്‍ധനവിന് കാരണമായതായും ആരോപണമുണ്ട്.
ഇന്ത്യയിലെ ആഭരണ- രൂപമാറ്റ പ്രക്രിയയിലൂടെ ജനങ്ങളുടെ പക്കല്‍ 25,000 ടണ്‍ സ്വര്‍ണം ശേഖരമായുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതില്‍ പത്ത് ശതമാനം (2500 ടണ്‍) വിവിധ നിക്ഷേപങ്ങളായാണുള്ളതെന്ന് വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണത്തിന്റെ മൂല്യത്തിലുണ്ടായ ‘സുസ്ഥിര നിക്ഷേപ’മെന്ന ഉറപ്പാണ് തങ്കത്തിന് പുതിയ മാനം കൈവരിക്കാനിടയാക്കിയത്. ആഗോളവിപണിയിലെ വിലവര്‍ധനവിലൂടെ സ്വര്‍ണ ഇറക്കുമതി-വില്‍പ്പന തോത് കണക്കാക്കിയാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം ഇന്ത്യയുടെ നഷ്ടം (മറ്റൊരു കണക്കില്‍ നേട്ടം) 45 ലക്ഷം കോടി രൂപയാണെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ ഭരണകൂടം സ്വര്‍ണ ഇറക്കുമതി-ഉപഭോഗ നിയന്ത്രണ ലക്ഷ്യവുമായി ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള നീക്കം തുടങ്ങും മുമ്പേ സ്വര്‍ണവിപണി വന്‍കിട ശക്തികള്‍ കൈയടക്കി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി തീരുവ ഒരു ശതമാനത്തില്‍ നിന്ന് 2012-13 സാമ്പത്തിക വര്‍ഷമാണ് നാല് ശതമാനമാക്കി ഉയര്‍ത്തിയത്. ഇത് എത്രയും വേഗം ആറ് ശതമാനം വരെയാക്കി ഉയര്‍ത്തണമെന്നാണ് ധനകാര്യവകുപ്പ് ആലോചിക്കുന്നത്. സ്വര്‍ണ ഇറക്കുമതി തീരുവ നാലില്‍നിന്ന് രണ്ട് ശതമാനമാക്കി കുറയ്ക്കണമെന്ന വ്യാപാരി സംഘടനകളുടെ ആവശ്യം മറികടന്നാണ് സര്‍ക്കാര്‍ നീക്കമെന്നത് ഏറെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് നാട്ടില്‍ കൊണ്ടുവരുവാനുള്ള സ്വര്‍ണത്തിന്റെ അളവ് കുറച്ചതിന് പിന്നാലെയാണ് പുതിയ തീരുവ വര്ധിപ്പിക്കലെന്നത് ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. വര്‍ഷങ്ങളായി രാജ്യത്തെക്കുള്ള സ്വര്‍ണക്കടത്തിന് ‘കള്ളക്കടത്തി’ന്റെ സ്വഭാവം കൈവരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നീക്കം. ഇത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില്‍പ്പന കേന്ദ്രങ്ങള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്കും വന്‍ തിരിച്ചടിയാണ് സൃഷ്ടിക്കുക. ഒപ്പം സര്‍ക്കാരിന്റെ വരുമാനവര്ധനയ്ക്കുപരി ഇറക്കുമതി മേഖലയില്‍ മറ്റൊരു മാഫിയ സംഘത്തെ സൃഷ്ടിക്കലിനും ഇടയാക്കും.
- എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: