ന്യൂദല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്ക്നോളജി 80 ശതമാനം ഫീസ് വര്‍ധനവിന്. അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്സുകള്‍ക്ക് വര്‍ഷം 50,000 രൂപയില്‍ നിന്ന് 90,000 രൂപ വരെ വര്‍ധിപ്പിക്കാനാണ് ഒരുങ്ങുന്നത്. തിങ്കളാഴ്ച നടക്കുന്ന ഐഐടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം എടുക്കും. 2008-09 ലാണ് ഇതിന് മുമ്പ് ഫീസ് ഉയര്‍ത്തിയത്. അന്ന് 25,000 രൂപയായിരുന്ന ഫീസ് 50,000 രൂപയായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ നവംബറില്‍ ഐഐടി സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് ഫീസ് ഉയര്‍ത്തുന്നതിന് ശുപാര്‍ശ ചെയ്തത്.
ഐഐടി വിദ്യാര്‍ത്ഥികളുടെ ട്യൂഷന് ഫീസ് 50,000 രൂപയില്‍ നിന്ന് 2-2.5 ലക്ഷം ആയി ഉയര്‍ത്തണമെന്നും സര്‍ക്കാര്‍ പാനല്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഐഐടിയുടെ ഫീസ് ഘടന പുതുക്കുന്നതില്‍ കാലതാമസം നേരിട്ടതായാണ് മാനവ വിഭവ ശേഷി മന്ത്രാലയം അധികൃതര്‍ പറയുന്നത്. മറ്റ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിന്റേത് അടിസ്ഥാനപ്പെടുത്തിയുള്ള ഫീസ് ഘടനയാണ് ഐഐടിയിലും ആവശ്യമാണെന്ന് അവര്‍ പറയുന്നു. ഐഐടിയെ അപേക്ഷിച്ച് മൂന്നിരട്ടി ഫീസ് വര്‍ധനവാണ് ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: