ബാംഗ്ലൂര്‍: രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. തുടക്കത്തില്‍ 5,000 ത്തോളം പേരെയാണ് പിരിച്ചുവിടുക. 2008 ലും 2009 ലും സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഇന്‍ഫോസിസ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെയാകും പിരിച്ചുവിടുക. മോശം പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക് അവരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ആറ് മാസത്തെ കാലാവധി അനുവദിക്കണമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനായ എന്‍.ആര്.നാരായണ മൂര്‍ത്തി മുന്നോട്ട് വച്ച നിര്‍ദ്ദേശം മറികടന്നാണ് ഈ നീക്കം. 1.5 ലക്ഷത്തോളം ജീവനക്കാരുള്ള ഇന്‍ഫോസിസില്‍ 3-4 ശതമാനം പേരാണ് മോശം പ്രകടനം കാഴ്ച വയ്ക്കുന്നത്.
ജീവനക്കാര്‍ക്ക് അനുകൂലമായ തീരുമാനങ്ങളല്ല ഇന്‍ഫോസിസ് സ്വീകരിക്കുന്നത് എന്നാണ് ഈ നടപടിയിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി കാര്യമായ വളര്‍ച്ച നേടുന്നതില്‍ മറ്റ് ഐടി കമ്പനികളെ അപേക്ഷിച്ച് ഇന്‍ഫോസിസ് പിന്നിലാണ്. സാമ്പത്തിക പ്രതിസന്ധിയാണെന്ന പേരില്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് ഇന്‍ഫോസിസ് മരവിപ്പിച്ചിരുന്നു. എന്നാല്‍ പ്രധാന എതിരാളികള്‍ ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇന്‍ഫോസിസിനും ശമ്പളം വര്‍ധിപ്പിക്കേണ്ടി വന്നു. 2009 ല്‍ 2,000 ത്തോളം ജീവനക്കാരെയാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ടത്.
എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്ത ഇന്‍ഫോസിസ് അധികൃതര്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: