കൊളംബോ: ശ്രീലങ്കന്‍ ചീഫ് ജസ്റ്റിസ് ഷിരാനി ബന്താരനായകെയെ ഇംപീച്ച് ചെയ്യാന്‍ നിര്‍ദേശിച്ച പാര്‍ലമെന്ററി സെലക്ട് കമ്മറ്റിക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. ഇംപീച്ച് ചെയ്യാനുള്ള ശുപാര്‍ശയ്ക്കെതിരേ ഷിരാനി ബന്താരനായകെ സുപ്രീംകോടതിക്ക് നല്കിയ പരാതിയിലാണ് നിരീക്ഷണം.
ലങ്കന്‍ നിയമമനുസരിച്ച് സമിതിക്ക് ഒരു വ്യക്തിയെ കുറ്റക്കാരനെന്ന് കണ്ടെത്താനോ നടപടിക്ക് ശുപാര്‍ശ ചെയ്യാനോ ഉള്ള അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സമിതിക്ക് ഈ അധികാരം നല്‍കിക്കൊണ്ട് പാര്‍ലമെന്റ് യാതൊരു നിയമഭേദഗതിയും പാസാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ബന്താരനായകെയ്ക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന 14 കുറ്റങ്ങളില്‍ മൂന്നെണ്ണം തെളിയിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്റ് സെലക്ട് കമ്മറ്റി അവര്‍ക്കെതിരെ ഇംപീച്ച്മെന്റ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ശ്രീലങ്കന്‍ സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാണ് ഷിരാനി ബന്താരനായകെ.
പ്രധാനപ്പെട്ട സാമ്പത്തിക ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നതിനെതിരെ സുപ്രീംകോടതി നടത്തിയ റൂളിങ് ആണ് ഷിരാനി ബന്ദാരനായകക്കെതിരെ നടപടിയെടുക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ബില്‍ ദേശീയ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രവിശ്യ കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കണമെന്നായിരുന്നു റൂളിങ്. കഴിഞ്ഞ സപ്തംബറില്‍ ഭരണകൂടം നീതിന്യായ വ്യവസ്ഥയില്‍ ഇടപെടുന്നതിനെതിരെ ജുഡീഷ്യല്‍ സര്‍വ്വീസ് കമ്മീഷന് പരസ്യപ്രസ്താവനയും ഇറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് ഷിരാനി കുറ്റക്കാരിയാണെന്ന് പാര്‍ലമെന്ററി കമ്മറ്റി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ഷിരാനിയുടെ ഇംപീച്ച്മെന്റ് നടപടികളെ കോടതി സ്റ്റേ ചെയ്തിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കണ്ടെത്തിയ പാനലിന്റെ റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ശിരാണി റിട്ട് ഓര്‍ഡര്‍ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടികള്‍ സ്റ്റേ ചെയ്തത്. ശ്രീലങ്കന്‍ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മയാണ് ഇംപീച്ച്മെന്റ് നടപടികളിലേക്ക് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: