ന്യൂദല്‍ഹി: സ്കൂള്‍ അധ്യാപകര്‍ക്ക് വേണ്ടി നടത്തുന്ന കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ(സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) 2012 ല്‍ പരാജയപ്പെട്ടത് 99 ശതമാനം പേര്. കേവലം ഒരു ശതമാനത്തില്‍ താഴെ ആളുകളാണ് ഈ കടമ്പ കടന്നത്. 7.95 ലക്ഷം പേരാണ് ഈ പരീക്ഷ എഴുതിയത്. കഴിഞ്ഞ മാസം 27 നാണ് ഫലം പ്രഖ്യാപിച്ചത്. വിജയ ശതമാനം വളരെ താഴ്ന്നത് വലിയൊരു മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.
അധ്യാപനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാനവ വിഭവ ശേഷി മന്ത്രാലയം 2011 ലാണ് സിടിഇടിയ്ക്ക് തുടക്കമിട്ടത്. വിദ്യാഭ്യാസ അവകാശ നിയമ നിര്‍മാണത്തിന് ശേഷമാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. കേന്ദ്ര സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് സിടിഇടി സര്‍ഫിക്കറ്റ് നിര്‍ബന്ധവുമാണ്. സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത് സിടിഇടി അടിസ്ഥാനമാക്കിയോ അതല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ നടത്തുന്ന നിര്‍ദ്ദിഷ്ട പരീക്ഷ അടിസ്ഥാനപ്പെടുത്തിയോ ആകണം. ദല്‍ഹിയില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേക്ക് ടീച്ചര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് സിടിഇടി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
2012 നവംബറില്‍ നടത്തിയ പരീക്ഷയില്‍ 9.40 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 7.96 ലക്ഷം പേരാണ് അവസാനം പരീക്ഷ എഴുതിയതെന്നാണ് കണക്ക്. ഇതില്‍ 4,849 പേരാണ് പേപ്പര്‍ ഒന്ന്, രണ്ട്, അതല്ലെങ്കില്‍ രണ്ടും കൂടിയോ പാസായത്. ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കുന്നതിന് പേപ്പര്‍ ഒന്നും ആറ് മുതല്‍ എട്ടാം ക്ലാസ് വരെ പഠിപ്പിക്കുന്നതിന് പേപ്പര്‍ രണ്ടും പാസാകണമെന്ന് നിര്‍ബന്ധമാണ്. ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെ പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ രണ്ട് പേപ്പറുകളും പാസാകേണ്ടതുണ്ട്. ഇംഗ്ലീഷ്, കണക്ക്, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ.
2011 ല്‍ സിടിഇടി നടത്തിയപ്പോള്‍ 9 ശതമാനമായിരുന്നു വിജയം. 2012 ജനുവരിയില്‍ നടത്തിയ പരീക്ഷയില്‍ വിജയം ഏഴ് ശതമാനമായി ഇടിഞ്ഞു. ബിഎഡ്ഡിന് പഠിക്കുന്ന കുട്ടികള്‍ വാസ്തവത്തില്‍ അതില്‍ നിന്നും എന്താണ് മനസ്സിലാക്കുന്നത് എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് ദല്‍ഹി യൂണിവേഴ്സിറ്റിയിലെ മുന്‍ ഡീനായിരുന്ന അനിത രാംപാല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: