ചരിത്രാതീത കാലം മുതല്ക്കു തന്നെ മനുഷ്യര്‍ തീര്‍ത്ഥാടന തത്പരരായിരുന്നു എന്നതിന് ഒട്ടേറെ തെളിവുകള്‍ ലഭ്യമാണ്. പുരാണങ്ങളിലും മറ്റും തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങളുണ്ട്. മഹര്ഷിവര്യന്മാരുടെ ശാപത്തിനിരയായ യാദവകുലം ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം ശാപപരിഹാരാര്‍ത്ഥം പ്രഭാസ തീര്‍ത്ഥാടനം നടത്തിയത് കേവലോദാഹരണം മാത്രം. പാപവിമോചനത്തിനും പുണ്യപരിപാലനത്തിനും തീര്‍ത്ഥാടനം പ്രയോജകീഭവിക്കുന്നു.
ഭൗതികതയില്‍ മുഴുകി ജീവിതം നയിക്കുമ്പോള്‍ സ്വാര്‍ത്ഥലാഭത്തിന് വേണ്ടി വഴിവിട്ടും ചിലകാര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നുണ്ട്. അങ്ങനെ അറിഞ്ഞും ചിലപ്പോള്‍ അറിയാതെയും സഹജീവികള്‍ക്ക് ദുഃഖം ഉണ്ടാകും. പ്രവര്‍ത്തന മേഖലകളില്‍ പ്രതിസന്ധികളുണ്ടാകുന്നതും തദ്വാരാമാനസിക സംഘര്‍ഷവും സ്വാഭാവികമാണ്.
ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധിയോടുകൂടിയ 10 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ മനസ്സിനേയും ശരീരത്തേയും ബുദ്ധിയേയും നിര്‍മ്മലമാക്കുന്നു. ആത്മപരിശോധന നടത്തുന്നതിനും കൂടുതല്‍ ശ്രേഷ്ഠതയാര്‍ന്ന വ്യക്തിത്വം നേടുന്നതിനും പ്രേരകമാകുന്നു. മഹാത്മാക്കളുടെ വിശ്രമം കൊണ്ട് പരിപാവനമായ സ്ഥലങ്ങളിലെത്തുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ സ്വയം പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നു. അങ്ങനെയുള്ള സ്ഥലങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായി അറിയപ്പെടുന്നു. ഭഗവാന് ശ്രീനാരായണനെപ്പോലെയുള്ള ആത്മജ്ഞാനിയുടെ വാസസ്ഥാനം തീര്‍ത്ഥാടന കേന്ദ്രമായി പരിണമിച്ചില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ.
മനിചര്യാപഞ്ചക മെന്ന കൃതിയില്‍ സത്യസാക്ഷാത്കാരം നേടി ജീവന്മുക്തനായ മുനി സഞ്ചരിച്ച സ്ഥലത്തെ പാദസ്പര്‍ശനം പോലും പാപവിമുക്തിയ്ക്ക് കാരണമാകുമെന്ന് വ്യക്തമാകുന്നുണ്ട്. ആത്മവിലാസമെന്ന കൃതിയില്‍ നാമും ദൈവവും ഒന്നായിരിക്കുന്നു. നാം ദൈവത്തോട് ഒന്നായിപ്പോകുന്നു. എന്ന് വ്യക്തമാക്കിയ ഗുരുവിന്റെ മഹാസമാധികൊണ്ട് കൂടി പവിത്രമായ ശിവഗിരി തീര്‍ത്ഥാടന കേന്ദ്രം തന്നെയാണ്. മാത്രവുമല്ല- ആത്മോപദേശശതകമെന്ന കൃതിയില്‍
ഉണരരുതിന്നിയുറങ്ങിടാതിരുന്നീടണ
മറിവായ് അതിന്നിയോഗ്യനെന്നാല്
പ്രണവമുണര്ന്നത് പിറപ്പൊഴിഞ്ഞ് വാഴും
മുനിജന സേവയില്‍ മൂര്‍ത്തി നിത്തിടേണ മെന്ന് മുള്ളതു കൂടി പരിശോധിക്കുമ്പോള്‍ ശിവഗിരി തീര്‍ത്ഥസ്ഥാനമാകുന്നു.
തീര്‍ത്ഥാടനത്തിന് ഗുരുദേവന് അനുമതിയും അനുഗ്രഹവും നല്‍കുന്നതോടൊപ്പം എട്ട് ലക്ഷ്യങ്ങളും പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നിവയാണവ. അനുമതി നേരത്തേ ലഭിച്ചെങ്കിലും 1932 ലാണ് തീര്‍ത്ഥാടനം സമാരംഭം കുറിച്ചത്. അഞ്ച് പേരിലാരംഭിച്ച തീര്‍ത്ഥാടനം ഇന്ന് ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന ഒരു മഹാതീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞു.
80-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തോടനുബന്ധമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശിവഗിരി തീര്‍ത്ഥാടനം കൊണ്ടാടുന്നു. ഏവര്‍ക്കും നന്മ നിറഞ്ഞ ശിവഗിരി തീര്ത്ഥാടനാശംസകള് നേരുന്നു.
>> സ്വാമി ഋതംഭരാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: