ചെന്നൈ: ഇന്ത്യന്‍ അമ്പയര്‍ രവിയുടെ രണ്ട് തെറ്റായനിഗമനങ്ങള്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതായി വിലയിരുത്തല്‍. ഞായറാഴ്ച പാക്കിസ്ഥാനോട് ആറുവിക്കറ്റിന് ഇന്ത്യ പരാജയപ്പെടാന്‍ കാരണം ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യ-പാക് പരമ്പരയിലെ ആദ്യമത്സരം നിയന്ത്രിച്ചത് ന്യൂസിലാന്റിന്റെ ബില്ലി ബൗഡനും ഇന്ത്യക്കാരനായ എസ്.രവിയും ചേര്‍ന്നായിരുന്നു. എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരം അതിന്റെ ഏറ്റവും മുള്‍മുനയില്‍ നില്ക്കുന്ന അവസരത്തില്‍ ഇന്ത്യക്കാരനായ രവി എടുത്ത രണ്ടു തീരുമാനങ്ങളാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ഓഫ് സ്പിന്നര്‍ ആര്.അശ്വിന് എറിഞ്ഞ 18-ാമതു ഓവറിലെ ആദ്യപന്തിലെ തീരുമാനമാണ് ഇന്ത്യക്ക് തികച്ചും എതിരായത്. കളിയില്‍ പിന്നീട് സെഞ്ച്വറിനേടിയ നസീര്‍ ജംഷെഡ് ആ സമയം 24 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.
അശ്വിന് എറിഞ്ഞ പന്ത് നസീറിന്റെ പാഡിന്റെ അകവശത്ത് തട്ടി ഫസ്റ്റ് സ്ലിപ്പില്‍ നിന്നിരുന്ന വീരേണ്ടര്‍ സെവാഗിന്റെ കയ്യിലൊതുങ്ങി. ഇന്ത്യന്‍ കളിക്കാര്‍ ആദ്യം എല്ബിഡബ്ല്യുവിനും പിന്നീട് ക്യാച്ചിനും അപ്പീല്‍ നല്കി. എന്നാല്‍ രവി അപ്പീല്‍ അനുവദിച്ചില്ല. സന്ദര്‍ശകരെ വീണ്ടും ഭാഗ്യം തുണയ്ക്കുന്നതാണ് 28-ാം ഓവറിലും കാണാന്‍ കഴിഞ്ഞത്. ഇത്തവണയും നിര്‍ഭാഗ്യം പിടികൂടിയത് അശ്വിനെത്തന്നെയാണ്. യൂനുസ്ഖാനെതിരെ ശക്തമായ എല്‍ബി അപ്പീലാണ് ഉയര്‍ന്നത്. 46 റണ്‍സില്‍ ബാറ്റു ചെയ്യുകയായിരുന്ന യൂനുസ് സ്വീപ്പ് ഷോട്ടിന് ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. ഇക്കുറി മിഡില്‍ സ്റ്റാമ്പിന് മുന്നിലായിരുന്ന കാലിലാണ് പന്ത് കൊണ്ടത്. എന്നാല്‍ വിധി ഇന്ത്യക്കെതിരായിരുന്നു.
പുറത്താകാതെ 101 റണ്‍സെടുത്ത ജംഷെഡും 58 റണ്‍സ് നേടിയ യൂനുസും പാക് വിജയത്തിന്റെ ശില്‍പ്പികളായി. 21 റണ്‍സിന് രണ്ടുവിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരാജയത്തെ അഭിമുഖീകരിക്കുകയായിരുന്ന പാക്കിസ്ഥാനെ ഇരുവരും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. അമ്പയറിംഗിലെ പിഴവ് ഇന്ത്യന്‍ ടീമിന് കനത്ത ആഘാതമാണ് വരുത്തിയത്. മൂന്നാം വിക്കറ്റിലെ 112 റണ്‍സ് കൂട്ടുകെട്ടാണ് സന്ദര്‍ശകരെ വിജയിപ്പിച്ചത്.
ഇന്ത്യന്‍ അമ്പയറിംഗിന്റെ ഗുണനിലവാരം കഴിഞ്ഞകുറച്ചു കാലങ്ങളായി താഴേക്കാണ്. ഐസിസിയുടെ മികച്ച പാനലില്‍ ഇന്ത്യന്‍ അമ്പയര്‍മാര്‍ ആരുമില്ലെന്നത് അതിന് തെളിവാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എസ്. വെങ്കിട്ടരാഘവനാണ് ഈ പാനലില്‍ ഉണ്ടായിരുന്ന അവസാനത്തെ ഇന്ത്യന്‍ അമ്പയര്‍. അദ്ദേഹം വിരമിച്ച ശേഷം ഇന്ത്യക്കാരാരും പാനലിലുള്പ്പെട്ടിട്ടില്ല. ഐസിസി എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ പാനലില്‍ ഇന്ത്യക്കാരായ നാല് അമ്പയര്മാരാണുള്ളത്. സുധീര്‍ അസ്നാനി, എസ്.രവി, വിനീത് കുല്‍ക്കര്‍ണി, സി.ഷംസുദ്ദീന് എന്നിവരാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: