കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസ് നിര്‍വഹിച്ചു. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് കേന്ദ്രീകരിച്ചുള്ള സ്ഥിരം വേദിയുടെ നിര്‍മാണം ജനുവരിയോടെ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൗണ്ട് സജ്ജമായാല്‍ ഭരണകൂടത്തിന്റെ കൂടി സഹകരണത്തോടെ ആഴ്ചയില്‍ ഒരു സംസ്കാരിക പരിപാടി വീതം സംഘടിപ്പിക്കുവാനാണ് തീരുമാനം. മുഴുവന്‍ കലാകാരന്മാരേയും ഒരുപോലെ സജീവമായി പരിഗണിക്കുന്ന അക്കാദമിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാര്‍ഡ് ജേതാവായ ജി.ശങ്കരക്കുറുപ്പിന്റെ പേരില്‍ ഒരു സ്്മാരകം ഉണ്ടാക്കാന്‍ കഴിയാത്തത് സാംസ്ക്കാരിക കേരളത്തിന് അപമാനമാണെന്ന്് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്ക്കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. മറൈന്‍ ഡ്രൈവിനു സമീപം ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് ജി.ശങ്കരക്കുറുപ്പിന്റെ പേരില്‍ സ്മാരകം പണിയുന്നതിന് നടപടിയാരംഭിക്കും. പുതുതലമുറയ്ക്ക് ശ്രദ്ധേയമായ പരിഗണന നല്കി വ്യത്യസ്തമായ അഭിരുചികളുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇതോടൊപ്പം തദ്ദേശീയരായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും നടപടികള്‍ വേണം. സുവര്‍ണ ജൂബിലി ആഘോഷം ഒരു ചടങ്ങു മാത്രമായി കാണാതെ കലാരംഗത്ത് ശ്രദ്ധേയമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
കലാകരന്മാരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് 140 നിയോജക മണ്ഡലങ്ങളിലും ആര്‍ട്ട് ഗ്യാലറികള്‍ തുടങ്ങണമെന്ന് മുഖ്യാതിഥിയായി സംസാരിച്ച എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കേരള ചിത്രകലയുടെ നവോര്‍ത്ഥാന വര്‍ഷമായി മാറുന്ന വിധത്തിലുള്ള പരിപാടികളാണ് ലളിതകല അക്കാദമി വിഭാവനം ചെയ്തിരിക്കുന്നത്. കലാസൃഷ്ടിക്കള്‍ ജനപ്രിയമാക്കുന്നതിനായി കൂടുതല്‍ അവസരമൊരുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. ഇടുക്കി ജില്ലയിലെ ചുരം റോഡില്‍ പടുക്കൂറ്റന്‍ വഴിയോര ശില്പങ്ങളും കണ്ണൂരിലെ ശ്രീകണ്ഠപുരത്ത് കേരളത്തിലെ ആദ്യ ആര്‍ട്ടിസ്റ്റ് ഗ്രാമവും കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം കായലില്‍ ഇന്ത്യയിലെ ആദ്യ ഫ്ലോട്ടിങ് ആര്‍ട് ഗ്യാലറിയും അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കും. കോഴിക്കോടിനെ ശില്പ നഗരമാക്കിയതു പോലെ കോട്ടയം നഗരത്തെ മ്യൂറല്‍ സിറ്റിയാക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ചാല ദുരന്തം നടന്ന വളവിനടുത്തു ഗ്യാസ് ടാങ്കറിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ഒരു സ്ഥിരം ഇന്സ്റ്റലേഷന് കലാ രൂപം സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.
യോഗത്തില്‍ എം.വി.ദേവന് മുഖ്യപ്രഭാഷണം നടത്തി. ഡൊമിനിക്ക് പ്രസന്റേഷന് എം.എല്‍.എ, മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, ജില്ലാ കളക്ടര്‍ പി.ഐ.ഷേയ്ക് പരീത്, കേരള ലളിത കലാ അക്കാദമി ചെയര്മാന് കെ.എ.ഫ്രാന്‍സിസ്, സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, വൈസ് ചെയര്മാന് പ്രൊഫ.കാട്ടൂര്‍ നാരായണപ്പിള്ള എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: