ഹൈദരാബദ്: പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് തെലുങ്കാനരാഷ്ട്ര സമിതിയുടെ ആഹ്വാനം ചെയ്ത ബന്ത് ജനജീവിതത്തെ ബാധിച്ചു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല, കടകമ്പോളങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ബന്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തെലുങ്കാന സംസ്ഥാന രൂപീകരണം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ആന്ധ്രപ്രദേശിനെ വിഭജിച്ച് പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യത്തില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
സംസ്ഥാനം വിഭജിക്കണമെന്ന ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്റെ ശുപാര്‍ശ യോഗത്തില്‍ ചര്‍ച്ചാവിഷയമായി. തെലുങ്കാന രാഷ്ട്രസമിതി, ബിജെപി,സിപിഐ എന്നി പാര്‍ട്ടികള്‍ പ്രത്യേക സംസ്ഥാനമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചു. അതേസമയം കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്ക് ദേശം പാര്‍ട്ടിയും വൈ എസ് ആര് കോണ്‍ഗ്രസും വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.
യോഗം നിരാശജനകമാണെന്ന് ടി ആര് എസ് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നാടകങ്ങളാണ് ഇതെന്നും പ്രതിക്ഷേധവുമായി മുന്നോട്ടു പോകുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: