ന്യൂദല്‍ഹി: ദേശീയ ജലനയം സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്താന്‍ ലക്ഷ്യമിട്ടല്ലെന്നു പ്രധാനമന്ത്രി മന്മോഹന് സിങ്. ദേശീയ ജലവിഭവ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനുള്ള തത്വങ്ങള്‍ രൂപീകരിക്കുക മാത്രമാണു നയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂഗര്‍ഭ ജലത്തിന്റെ ദുരുപയോഗം നിയന്ത്രിക്കണം. രാജ്യത്തെ ജലവിതരണ സംവിധാനം മാറ്റണം. ജലസ്രോതസുകളുടെ ഉപയോഗം ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടല്‍ സജീവമാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ദേശീയ ജല നയത്തില്‍ സമവായമുണ്ടാക്കാനാണ് യോഗം ലക്ഷ്യം വയ്ക്കുന്നത്. മുഖ്യമന്ത്രിമാര്‍ അംഗങ്ങളായ കൗണ്‍സില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് യോഗം ചേരുന്നത്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെയുള്ള നയത്തെ എതിര്‍ക്കുമെന്ന് യോഗത്തില്‍ മന്ത്രി പി ജെ ജോസഫ് പറഞ്ഞു. ജലവിനിയോഗം സംബന്ധിച്ച് പൊതുവായ നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള നയത്തിലെ വ്യവസ്ഥകള്‍ക്കെതിരെ കേരളവും ഹരിയാനയുമുള്പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.
ജലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനത്തിന്റെ കീഴിലായതുകൊണ്ട് പൊതു നിയമനിര്‍മ്മാണം സാധ്യമാകില്ലെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. എന്നാല്‍ നയം നിലവില്‍ വന്നാലും സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന ജലവിഭവമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ജലനിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്ന നിര്‍ദ്ദേശവും നയത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: