കാലടി: സ്വാമി വിവേകാനന്ദന്റെ കര്‍മ്മോജ്വലമായ ജീവിതത്തെ ആധാരമാക്കിയ നൃത്ത സംഗീത ശില്പം തയ്യാറാക്കുന്നു. വിവേകാനന്ദ സ്വാമികളുടെ 150-ാം ജന്മ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാലടി ബ്രഹ്മാനന്ദോദയം സ്കൂള്‍ അങ്കണത്തില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ 31ന് വൈകിട്ട് 6ന് നൃത്ത ശില്പം അവതരിപ്പിക്കും.
വിവേകാനന്ദ സ്വാമികളുടെ ബാല്യം, പ്രപഞ്ചസത്യത്തിന്റെ പൊരുള്‍ തേടി അലയുന്ന യുവാവായ നരേന്ദ്രന്, ശ്രീദക്ഷിണേശ്വരം കാളീക്ഷേത്രത്തിലെ പൂജാരിയായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരുമായുള്ള നരേന്ദ്രന്റെ സമാഗമം, ശ്രീരാമകൃഷ്ണ ദേവന്റെ ഭക്തലഹരിയിലുള്ള ആനന്ദനൃത്തം, അമേരിക്കയിലെ ഷിക്കാഗോവില്‍ നടന്ന ലോകമത മഹാസമ്മേളനത്തില്‍ ഭാരതത്തിന്റെ പ്രതിനിധിയായി ഭാരതമഹിമ വര്‍ണ്ണിക്കുന്ന വിവേകാനന്ദ സ്വാമികള്‍ ഭാരത നവോത്ഥാനത്തിനായുള്ള സ്വാമിജിയുടെ ആഹ്വാനം, ദേശീയോത് ഗ്രഥനത്തിനായുള്ള സിംഹഗര്‍ജനം തുടങ്ങിയ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയാണ് നൃത്തശില്പം തയ്യാറാക്കിയിരിക്കുന്നത്. കാലടി ശ്രീശങ്കരാകോളേജിലെ സംസ്കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും, നര്‍ത്തകിയും, കലാമണ്ഡലം സുമതി ടീച്ചറുടെ ശിഷ്യയുമായ ശ്രീലക്ഷ്മീ സനീഷാണ് നൃത്തശില്പത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എസ്.വിജയന് കാലടിയുടെ വരികള്‍ക്ക് എം.എസ്.ഉണ്ണികൃഷ്ണന് എറണാകുളം സംഗീതം നല്കി. ബ്രഹ്മാനന്ദോദയം സ്കൂളിലെ 12 വിദ്യാര്‍ത്ഥികളാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്ത ശില്പത്തിന് ജീവന് പകരുന്നത്.
വിവേകാനന്ദ സ്വാമികളെ ആധാരമാക്കിയുള്ള നൃത്താവിഷ്കരണം ആദ്യമാണെന്നതും ശ്രദ്ധേയമാണ്. സ്വാമിജിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളെ ലളിതമാക്കി ജനങ്ങളിലേക്ക് എത്തിയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് നൃത്ത ശില്പത്തിന്റെ കോറിയോ ഗ്രാഫി നിര്‍വഹിക്കുന്ന ശ്രീലക്ഷ്മീ സനീഷ് പറഞ്ഞു.
നവോത്ഥാന നായകനായ ശ്രീമദ് ആഗമാനന്ദ സ്വാമികളുടെ ജീവിതകഥയും നൃത്ത സംഗീത ശില്പമാക്കി ശ്രീലക്ഷ്മി സനീഷ് സംവിധാനം ചെയ്തിട്ടുണ്ട്.വിശ്വഭാനു സ്വാമി വിവേകാനന്ദനില്‍ സ്വാമിവിവേകാനന്ദനും, ശ്രീരാമകൃഷ്ണദേവനും, കഥാപാത്രങ്ങളായി വേഷമിട്ട് രംഗത്തെത്തുന്നു എന്നതും പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: