ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാരിന് ഗുജറാത്ത് മുഖ്യന് നരേന്ദ്രമോദിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന് യാതൊരുവിധത്തിലുള്ള വികസനനയങ്ങളും ഇല്ലെന്നാണ് നാലാമതും ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വികസനനായകന് മോദി കുറ്റപ്പെടുത്തിയത്.
വികസനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ ആത്മാര്ഥതയോ വേഗമോ ഇല്ലെന്നും സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ ശുഭാപ്തിവിശ്വാസം സര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടില്ലെന്നും ബിജെപിനേതാവ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് സാമ്പത്തികപ്രതിസന്ധി നേരിടുന്നതില്‍ വീഴ്ചപറ്റി. രാജ്യത്തിന്റെ സൂക്ഷ്മ സാമ്പത്തികവിഷയങ്ങള്‍ കൈകാര്യംചെയ്തതില്‍ ശരിയായ ദിശാബോധമില്ലാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 57-ാമത് ദേശീയ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കുറഞ്ഞ വളര്‍ച്ചാ നിരക്ക് ലക്ഷ്യമിട്ടതിനെതിരെയും മോദി രൂക്ഷമായി സര്‍ക്കാരിനെ ആക്രമിച്ചു. കഴിഞ്ഞ വര്‍ഷം 9 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കിനെക്കുറിച്ച് പറഞ്ഞിരുന്നത് ലക്ഷ്യമുണ്ടെന്ന് തോന്നിച്ചിരുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ നമുക്കു കഴിയും. ഇത് അസാധ്യമൊന്നുമല്ല. എന്നാല്‍ അതിനെന്താണോ വേണ്ടത് അത് ചെയ്യണം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിലുണ്ടായിരിക്കുന്ന സന്ദേഹം വളരെ വേദനാജനകമാണ്. വളര്‍ച്ചാ നിരക്കിലെ ശതമാനം കുറച്ച് ലക്ഷ്യം നിശ്ചയിച്ചതിലൂടെ രാജ്യത്തിന്റെ വികസനബോധത്തെയും കഠിനപ്രയത്നത്തെയും സര്‍ക്കാര്‍ നിസ്സാരവത്കരിച്ചിരിക്കുകയാണ്. ഇത് നമ്മുടെ വികസനക്കുതിപ്പിനെ അസ്ഥിരപ്പെടുത്തുമെന്നും മോദി ചൂണ്ടിക്കാട്ടി.
വികസനത്തിലെ ഗുജറാത്ത് മാതൃക ചൂണ്ടിക്കാട്ടിയ മോദി അതിനായി സ്വീകരിച്ച മാര്‍ഗങ്ങളുടെ പട്ടികയും നിരത്തി. കാര്‍ഷിക, ഗ്രാമീണ മേഖലകളിലെതടക്കം നടപ്പാക്കിയ പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. ധനകാര്യ കമ്മീഷന്റെ കീഴില്‍ പ്രകൃതിവിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന് ദേശീയ കമ്മീഷന് രൂപീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ താന്‍ നിര്‍ദേശിച്ചതായി മോദി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ധനകാര്യ കമ്മീഷനെ പോലെ പ്രകൃതി വിഭവങ്ങള്‍ വിതരണം ചെയ്യുന്ന ദേശീയ കമ്മീഷനും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ തങ്ങളുടെ ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കണം. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഊര്‍ജ വില വര്‍ധിപ്പിച്ചും വിവിധ സബ്സിഡികള്‍ വെട്ടിച്ചുരുക്കിയും എട്ടു ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ട് മോദി പറഞ്ഞു.
നാലാമതും ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് മോദി രാജ്യതലസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയത്. യോഗത്തിനെത്തിയ നരേന്ദ്രമോദിയെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയ നിരവധി നേതാക്കള്‍ അഭിനന്ദിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ സന്ദര്‍ശിച്ച് മോദി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: