ബെയ്റൂട്ട്: സിറിയയിലെ മിലിട്ടറി പോലീസ് മേധാവി ജനറല്‍ അബ്ദല്‍ അസീസ് ജാസിം അല്‍ ഷലാല്‍ വിമതരോടൊപ്പം ചേര്‍ന്നു. ജാസിമിന്റെ നടപടി അസാദ് ഭരണകൂടത്തിനു കനത്ത തിരിച്ചടിയായി. സൈന്യത്തിന്റെ നീക്കങ്ങള്‍ക്കെതിരെ പോരാടാനും സ്വതന്ത്ര്യത്തിനായി തെരുവില്‍ ഉറങ്ങാനും ജാസീം സിറിയന്‍ ജനങ്ങളോട് ആഖ്യാനം ചെയ്തു.
രാജ്യരക്ഷ എന്ന പ്രാഥമിക ചുമതല മറന്ന് പൗരന്മാരെ കൂട്ടക്കൊല ചെയ്യുന്ന സംഘമായി സൈന്യം മാറിയിരിക്കുകയാണെന്ന് ജാസിം യുട്യൂബില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറഞ്ഞു. ഇതിനിടെ സിറിയയുടെ വടക്കന്‍ മേഖലയിലെ റാക്കാ പ്രവിശ്യയില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ടുകുട്ടികള്‍ ഉള്‍പ്പെടെ 20 പേര് കൊല്ലപ്പെട്ടു. ഇതോടെ അസാദിനെതിരേ ആരംഭിച്ച ജനകീയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45000 ആയി.
സിറിയയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതു സംബന്ധിച്ചു യുഎന്‍ ദൂതന് ലക്ദര്‍ ബ്രഹീമി മുന്നോട്ടു വച്ച നിര്‍ദേശങ്ങളെക്കുറിച്ച് റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നതിന് മുതിര്‍ന്ന നയതന്ത്രജ്ഞനെ അസാദ് ഭരണകൂടം റഷ്യയിലേക്ക് അയച്ചു. ബ്രഹീമി തിങ്കളാഴ്ച അസാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനപരമായ അധികാരകൈമാറ്റത്തിനുള്ള നിര്‍ദേശങ്ങളാണ് ബ്രഹീമി മുന്നോട്ടുവച്ചിട്ടുള്ളതെന്നു കരുതപ്പെടുന്നു.
അസാദിനെ രാജിവയ്പിക്കാനുള്ള അന്തര്‍ദേശീയ ശ്രമം വിജയിക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: