കൊച്ചി: കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ടാബ്ലറ്റ് ലഭ്യമാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഭാഗമായി നല്കിയ പരിശീലനം വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി.
കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാവിഷയത്തിനും എ-പ്ലസ് ലഭിച്ച എറണാകുളം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ മുന്നൂറോളം വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ നല്‍കുന്നത്. ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ എങ്ങനെ വിനിയോഗിക്കണമെന്നത് സംബന്ധിച്ചും ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചുമാണ് വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കിയത്. വൈപ്പിന്‍, പറവൂര്‍, എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര, കൊച്ചി, കളമശ്ശേരി മണ്ഡലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായാണ് വിവിധ കേന്ദ്രങ്ങളിലായി ആറു വിഷയങ്ങളില്‍ നാലു ദിവസത്തെ പരിശീലനം നല്‍കിയത്.
കമ്പ്യൂട്ടര്‍ വിദഗ്ധര്‍ക്ക് പുറമെ സൈബര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഫ്രാന്‍സിസ് പെരേരയാണ് ക്ലാസുകള്‍ നയിച്ചത്. ഇന്നലെ പറവൂര്‍ എസ്.എന്‍.ഹയര്‍സെക്കണ്ടറിയില്‍ നടന്ന പരിശീലന ക്യാമ്പ് കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ വത്സ പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയാണ് വിദ്യാജ്യോതി. ജനുവരി ആറിന് വൈകിട്ട് സെന്റ്.തെരാസസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പല്ലം രാജു ടാബ്ലറ്റുകള് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യും. മന്ത്രിമാര്‍, ജില്ലയിലെ എം.എല്‍.എമാര്‍, എം.പിമാര്‍, തദ്ദേശ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: