കൊച്ചി: മൂലമ്പിള്ളിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പാക്കേജിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനകം 8.31 കോടി രൂപയുടെ സാമ്പത്തികാനുകൂല്യം നല്‍കിയതായി ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. ഭൂമി ഏറ്റെടുക്കാന്‍ നല്കിയ തുകയ്ക്ക് പുറമെയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പുനരധിവാസത്തിന് അര്‍ഹതയുള്ള 326 കുടുംബങ്ങളില്‍ അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും ഇതിനകം പട്ടയം വിതരണം ചെയ്തു കഴിഞ്ഞു. കോടതിയില്‍ കേസ് ഫയല്‍ ചെയ്ത പത്തു പേര് ഒഴികെയുള്ളവര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് വരെയുള്ള വാടക കുടിശികയും നല്‍കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ രൂപം നല്കിയ പാക്കേജ് പ്രകാരം വാടകയായി 4,93,65,700 രൂപയും പെയിലിങ് നിരക്കായി 76 പേര്‍ക്ക് 57 ലക്ഷം രൂപയുമാണ് നല്‍കിയത്. ജില്ലാതല പര്‍ച്ചേസ് കമ്മറ്റി നിശ്ചയിച്ച നിരക്ക് പ്രകാരം 42,10,722 രൂപയും വിതരണം ചെയ്തു. ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരം ഏറ്റെടുത്ത ഭൂമിയുടെ ഉടമകളില്‍ 12 പേര്‍ക്ക് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിച്ച പ്രകാരമുള്ള തുകയും വാടകയും നല്‍കിയിരുന്നു. അധികതുക ലഭിക്കുന്നതിനായി അഞ്ച് പേര് നല്കിയ കേസ് കോടതിയുടെ പരിഗണനയിലാണ്. നാല് പേര്‍ക്കുള്ള കോടതി വിധി അനുസരിച്ചുള്ള തുകയായ 64,66,725 രൂപ കെട്ടിവച്ചിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.
മൂലമ്പിള്ളി, വടുതല, മുളവുകാട്, വാഴക്കാല തുതിയൂര്‍, കോതാട്, കാക്കനാട് തുതിയൂര്‍, ചേരാനല്ലൂര്‍ തൈക്കാവ് കുളം എന്നീ സ്ഥലങ്ങളിലാണ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് സ്ഥലം നല്‍കിയത്. ഈ സ്ഥലങ്ങളില്‍ റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് 1,65,28,520 രൂപയാണ് കൈമാറിയത്. ഇതു പ്രകാരം മുളവുകാട്, വടുതല, മൂലമ്പിള്ളി, കോതാട്, കാക്കനാട് തുതിയൂര്‍ എന്നീ പുനരധിവാസ സ്ഥലങ്ങളില്‍ റോഡ്, വെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങള്‍ എത്തിച്ചു. വാഴക്കാല തുതിയൂരിലും റോഡ്, വൈദ്യുതി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ട് ദിവസത്തിനുള്ളില്‍ വെള്ളമെത്തിക്കാനും നടപടിയാകും. ചേരാനല്ലൂരിലെ തൈക്കാവുകുളം പുനരധിവാസകേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് തീരുന്ന മുറയ്ക്ക് പൂര്‍ത്തീകരിക്കും. കേസ് വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഗവണ്മെന്റ് പ്ലീഡര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുനരധിവാസകേന്ദ്രങ്ങളില്‍ വീടു വയ്ക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്. വടുതലയില്‍ 15 വീടുകളും മുളവുകാട്, കാക്കനാട് തുതിയൂര്‍ എന്നിവിടങ്ങളില്‍ ഓരോ വീടുകളും കോതാട് നാലു വീടുകളുമാണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്. വടുതലയില്‍ മൂന്ന് വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. പെയിലിങ്ങിനായി 75000 രൂപ വീതം 76 പേര്‍ക്ക് വിതരണം ചെയ്തു. 25 പേരുടെ അപേക്ഷകള്‍ പരിഗണനയിലുണ്ട്. മറ്റുള്ളവരാരും തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് കെട്ടിട നിര്‍മാണത്തിന് അനുമതി വാങ്ങി പെയിലിങ് തുകയ്ക്കായി ജില്ലാ ഭരണകൂടത്തെ സമീപിച്ചിട്ടില്ല.
വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ നിന്നും മൂലമ്പിള്ളി പുനരധിവാസകേന്ദ്രത്തിലേക്കുള്ള റോഡിന്റെ ഉയരവ്യത്യാസം പരിഹരിക്കുന്നതിന് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീട് വയ്ക്കുന്നതിന് പട്ടയങ്ങള്‍ ഈട് വച്ച് വായ്പ എടുക്കുന്നതിനും അനുമതി നല്കി. മുളവുകാട് വില്ലേജില്‍ ഏഴ് കുടുംബങ്ങളുടെ ഭൂമി കാറ്റഗറി മാറിയത് മൂലമുണ്ടായ പരാതി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. വടുതല പുനരധിവാസ പ്ലോട്ടിലേക്കുള്ള വഴിത്തര്‍ക്കം സ്ഥലമുടമയ്ക്ക് പകരം സ്ഥലം നല്കി തീര്‍പ്പാക്കിയതായും കളക്ടര്‍ പറഞ്ഞു. പുനരധിവാസ പ്ലോട്ടില്‍ വീട് വെക്കുന്നവര്‍ക്ക് അഞ്ച് ലോഡ് മണല്‍ വീതം ലോഡൊന്നിന് ആയിരം രൂപ നിരക്കില്‍ അനുവദിക്കുന്നതിന് കടമക്കുടി പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: