ന്യൂദല്‍ഹി: കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നീതികിട്ടണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ മരിച്ച പോലീസ് കോണ്‍സ്റ്റബിളിന്റെ കുടുംബത്തിന് ആഭ്യന്തര മന്ത്രാലയം പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ദല്‍ഹി പോലീസ് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് പുറമെയാണിതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
ബസിലെ കൂട്ട മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്കു നീതി തേടി നാട്ടുകാര്‍ ഞായറാഴ്ച നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ ഔദ്യോഗിക കൃത്യ നിര്‍വഹണ പാലനത്തിനിടെയാണു 47കാരനായ തോമര്ക്കു പരുക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയിലെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തോമറിനെ ആക്രമിച്ചുവെന്നായിരുന്നു നേരത്തെ ഇവര്‍ക്കെതിരെയുള്ള കേസ്. പിന്നീട് കൊലപാതകക്കുറ്റവും ചുമത്തി. എന്നാല്‍ മര്‍ദനമേറ്റല്ല തോമര്‍ മരിച്ചതെന്ന ദൃക്സാക്ഷി മൊഴി ആശയക്കുഴപ്പുണ്ടാക്കിയിട്ടുണ്ട്. ലാത്തിച്ചാര്‍ജിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നുവെന്ന യോഗേന്ദ്ര യാദവ് എന്നയാളുടെ മൊഴി.
സംഘര്‍ഷ സ്ഥലത്തു നിന്നു തോമറെ ആശുപത്രി വരെ ഇയാള്‍ അനുഗമിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരാത്ത സാഹചര്യത്തില്‍ സംഭവം വിവാദമായിരിക്കുകയാണ്. അതിനിടെ ദല്‍ഹി സമാധാന നിലയിലേക്കു തിരിച്ചെത്തി. തോമറുടെ മരണം, സമരത്തിനുണ്ടായിരുന്ന അനുകൂലാന്തരീക്ഷം ഇല്ലാതാക്കി. ഇതാണു സമരം അവസാനിക്കാന്‍ കാരണം.
സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മെട്രൊ സ്റ്റേഷനുകള്‍ തുറന്നു. നഗരത്തില്‍ ഏര്‍പ്പെടുത്തിയ അതീവ സുരക്ഷയിലും ഇളവു വരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: