കൊച്ചി: ഉപഭോക്തൃ ഫോറങ്ങളില്‍ ലഭിക്കുന്ന പരാതികളിന്മേല് സമയബന്ധിതമായി പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിധിയിലുണ്ടാകുന്ന കാലതാമസം പലപ്പോഴും പരാതികളുടെ പ്രസക്തി ഇല്ലാതാക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍ ഉടന്‍ പരിഹാരം കാണുന്നതിനുള്ള പുതിയ ആശയങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരും. ഉപഭോക്താക്കളുടെ ന്യായമായ ആവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിലവിവരപ്പട്ടിക പ്രസിദ്ധപ്പെടുത്തിയില്ലെങ്കില് നടപടിയെടുക്കാമെന്നതൊഴികെ ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രിക്കാന്‍ പ്രത്യേക നിയമം സംസ്ഥാനത്തില്ല. ഭക്ഷണവില നിയന്ത്രിക്കാനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും മറ്റുമായി ഹോട്ടല്‍ ഫുഡ് റഗുലേഷന് ബില്‍ ആക്ട് നിയമസഭയില്‍ അവതരിപ്പിക്കും. ബില്ല് കാര്യക്ഷമമാവണമെങ്കില്‍ വിശദമായ ചര്‍ച്ച അനിവാര്യമാണ്. എല്ലാ മേഖലയിലും നീതിയുക്തമായ സമീപനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപഭോക്തൃസംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നിട്ട് കാല് നൂറ്റാണ്ട് പിന്നിടുമ്പോള്‍ നിയമ ബോധവത്കരണ രംഗത്ത് നിസ്തുലവും സ്തുത്യര്‍ഹവുമായ സേവനം നടത്തിയ ഉപഭോക്തൃ സന്നദ്ധ സംഘടനകള്‍ക്കുള്ള രാജീവ് ഗാന്ധി ഉപഭോക്തൃ അവാര്‍ഡ് എക്സൈസ്-തുറമുഖ മന്ത്രി കെ.ബാബു വിതരണം ചെയ്തു. 2010 ലെ ഉപഭോക്തൃ സംരക്ഷണ പുരസ്കാരത്തിന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതി അര്‍ഹരായി. 50,000 രൂപയും പ്രശസ്തി പത്രവും രണ്ടാം സ്ഥാനക്കാരായ കൊല്ലം കണ്‍സ്യൂമര്‍ കൗണ്‍സിലിന് മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും നല്കി. മൂന്നാം സ്ഥാനക്കാരായ ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറവും പാലക്കാട് ഉപഭോക്തൃ സംരക്ഷണ സമിതിയും മൂന്നാം സമ്മാനമായ 20,000 രൂപ പങ്കിട്ടെടുത്തു.
ചടങ്ങില്‍ 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമവും പൊതു ജനങ്ങളും, ഉപഭോക്തൃ വ്യാപാരികളും പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കലും എന്നീ വിഷയങ്ങളില്‍ അഡ്വ. ഡി.ബി.ബിനു പ്രഭാഷണം നടത്തി.
ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി, സിവില്‍ സപ്ലൈസ് കോര്പറേഷന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.റ്റി.ജയിംസ്, എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് എ.രാജേഷ്, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി അനില്‍ എക്സ്, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ശ്യാം ജഗന്നാഥന്, ജില്ല സപ്ലൈ ഓഫീസര്‍ എം.സി.രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: