അഞ്ചല്‍: ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന അഞ്ചല്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിലെ അനൈക്യം തെരുവ് യുദ്ധത്തില്‍ വരെ എത്തിരിയിരിക്കുകയാണ്.
തുടക്കം മുതല്‍ കല്ലുകടി ആയിരുന്ന പഞ്ചായത്ത് ഭരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ കൊണ്ടല്ല, ഭരണമുന്നണിയില്‍പ്പെട്ട മെമ്പര്‍മാരെ കൊണ്ടാണ് പൊറുതിമുട്ടിയിരിക്കുന്നത്. ആറ് കോണ്‍ഗ്രസ് അംഗങ്ങളെ കൂടാതെ ഒരു എല്‍ഡിഎഫ് വിമതനും ഓരോ സിഎംപി, മുസ്ലീംലീഗ് അംഗങ്ങളുമാണ് ഭരണമുന്നണിയിലെ അംഗങ്ങള്‍.
ഇരുപത്തിഅഞ്ച് വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസിന്റെ കയ്യില്‍ ഭരണം കിട്ടിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ആകാന്‍ കഴിഞ്ഞയാളിന്റെയും കഴിയാത്തവരുടെയും പോരിനാണ് പിന്നെ അഞ്ചല്‍ പഞ്ചായത്ത് സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തന്നെ പഞ്ചായത്ത് പ്രസിഡന്റിന്റെ തന്നിഷ്ടമായ നടപടികള്‍ക്കെതിരെ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സ്ഥാനം രാജിവച്ച് പുറത്ത് പോയിരുന്നു. ഗതാഗത പരിഷ്കാര തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കാതിരുന്നതും പഞ്ചായത്തിനെതിരെ നിന്നതും ഭരണപക്ഷത്തുള്ളവര്‍ തന്നെയായിരുന്നു.
ടൗണ്‍ പരിഷ്ക്കാരത്തിനനുവദിച്ച ഫണ്ടിന്റെ ഉപയോഗത്തെച്ചൊല്ലി തന്നോട് ആലോചിച്ചില്ലെന്ന കാരണത്താല്‍ ഇപ്പോഴത്തെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മുസ്ലീംലീഗ് അംഗവുമായ ബദറുദ്ദീന്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
ഇതിനിടയിലാണ് പഞ്ചായത്തിലെ അഴിമതികളെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന നടത്തുകയും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ഇട്ടു നല്‍കുന്നതും അര്‍ഹരായവര്‍ക്ക് നമ്പര്‍ ഇട്ടു നല്‍കാത്തതും വിവിധ സര്‍ട്ടിഫിക്കേറ്റുകള്‍ വേണ്ട സമയത്ത് നല്കാതിരിക്കുന്നതും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.
കമ്പ്യൂട്ടര്‍ ഇലക്ട്രിക്കല്‍ അസിസ്റ്റന്റിന്റെ താല്‍ക്കാലിക നിയമനം നടത്തിയതും ട്രാഫിക് സിഗ്നല്‍ ലൈറ്റിന്റെ നിര്‍മ്മാണവും പഞ്ചായത്തില്‍ ഫര്‍ണിച്ചര്‍ വാങ്ങിയതിലെയും അഴിമതിക്കഥകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: