ആയൂര്‍: സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ നല്കിയ അന്ത്യശാസനത്തിലും കുലുങ്ങാത്ത ഭരണാധികാരികളുടെ നടപടിയിലും കണ്ണീരണിയുകയാണ് ചടയമംഗലം പ്രദേശം.
2012 മാര്‍ച്ച് രണ്ടിനാണ് 22 ജീവനക്കാരുമായി നൈജീരിയയിലേക്ക് പോകുകയായിരുന്ന എംഡി റോയല്‍ ഗ്രേസ് എന്ന എണ്ണകപ്പല്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചിയത്. ഇതിലകപ്പെട്ട ബന്ദികളില്‍ അഞ്ചുപേര്‍ മലയാളികളാണ്. ചടയമംഗലം വെള്ളൂപ്പാറ സ്വദേശി മോഹനന്‍പിള്ളയുടെ മകന് മനീഷ് മോഹന്‍, തിരുവനന്തപുരം സ്വദേശി അര്ജ്ജുന്, ഒറ്റപ്പാലം സ്വദേശി മിഥുന്, ഇരിങ്ങാലക്കുട സ്വദേശികളായ സ്റ്റാലിന്, ഡേവിഡ് എന്നിവരാണ് കടല്‍കൊള്ളക്കാരുടെ പീഡനങ്ങളേറ്റ് നരകയാതന അനുഭവിക്കുന്നത്.നേരത്തെ നവംബര്‍ 30നകം 1.7 മില്യന്കോടി മോചനത്തിനായി നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം മനീഷിനെക്കൊണ്ട് വീട്ടിലേക്ക് ഫോണ്‍വിളിപ്പിച്ച് കൊള്ളക്കാര്‍ ആവര്‍ത്തിച്ചിട്ടുണ്ട്. സാധാരണക്കാരായ രക്ഷകര്‍ത്താക്കള്‍ക്ക് ഇത്രയും തുക സ്വപ്നം കാണാവുന്നതിലും അധികമായതിനാല്‍ തങ്ങളുടെ കുട്ടികളുടെ രക്ഷയ്ക്കായി ഭരണനേതൃത്വത്തിന്റെ സഹായം തേടിയിരുന്നങ്കിലും ഇന്ന് പ്രതീക്ഷ അസ്തമിച്ച പോലെയാണ്.
മുഖ്യമന്ത്രി, കേന്ദ്ര പ്രതിരോധമന്ത്രി, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരെയൊക്കെ ബന്ധപ്പെട്ടിരുന്നെങ്കിലും കാര്യക്ഷമമായ ഇടപെടീല്‍ ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പരിതപിക്കുന്നു. കഴിഞ്ഞമാസം ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ ഷിപ്പിംഗ് മന്ത്രാലയത്തിനു മുന്നില്‍ ധര്‍ണയും നടത്തി.
ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍-ഖ്വയ്ദയുടെ നേതൃത്വത്തിലാണ് സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയടക്കം പല മേഖലകളിലും പിടിമുറുക്കിയിരിക്കുന്നത്. കപ്പലുടമ മോചനത്തുക നല്കാന് തയാറാകാതെ കപ്പല്‍ ഉപേക്ഷിച്ച മട്ടാണ്. ഇന്ത്യന്‍ നാവിക സേനയ്ക്കും രാജ്യത്തിനും നാണക്കേടായ ഈ കൊള്ളക്കാരെ അമര്‍ച്ച ചെയ്യാനും ഇന്ത്യക്കാരായ നാവികരുടെ സുരക്ഷ ഉറപ്പാക്കാനും കേന്ദ്രനേതൃത്വം ആത്മാര്‍ത്ഥത കാട്ടണമെന്നാണ് രക്ഷകര്ക്കാക്കള്ക്കൊപ്പം മുഴുവന്‍ നാട്ടുകാരും ആവശ്യപ്പെടുന്നത്.
മോചനദ്രവ്യം ഉടന്‍ നല്‍കിയില്ലെങ്കില്‍ ബന്ദികളെ ഓരോരുത്തരെയായി കൊന്നുകളയുമെന്ന കൊള്ളക്കാരുടെ അന്ത്യശാസനത്തില്‍ ഭയന്നു നില്‍ക്കുകയാണ് ചടയമംഗലം ഗ്രാമം മുഴുവന്‍. എട്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ഭരണനേതൃത്വം മലയാളികളടക്കമുള്ള നാവികരുടെ ജീവന് രക്ഷയ്ക്കായി ആത്മാര്‍ത്ഥമായി ശ്രമിക്കാത്തതില്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും മനേഷ് മോഹനും കൂട്ടുകാരും എത്രയും വേഗം തിരിച്ചെത്തട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് ഈ ഗ്രാമത്തിനൊപ്പം നാട്ടിലെ എല്ലാ സുമനസ്സുകളും.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: