ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസ് പാക് ചാരസംഘടനയായ ഐഎസ്ഐയെ ബാധിക്കില്ലെന്ന് യുഎസ് ഭരണകൂടം ന്യൂയോര്‍ക്ക് കോടതിയില്‍ അറിയിച്ചു. ഐഎസ്ഐയ്ക്ക് നിയമപരമായ പരിരക്ഷയുണ്ടെന്നാണ് യുഎസ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. മുംബൈ ഭീകരാക്രമണക്കേസില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ ബന്ധുക്കള്‍ നല്കിയ ഹര്‍ജിയിലാണ് യുഎസിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ സ്റ്റുവര്‍ട്ട് ഡെലിവറി ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്. ഫോറിന് സോവറിന്‍ നിയമപ്രകാരമാണ് പാക് ചാരസംഘടനയെ കേസ് ബാധിക്കാത്തത്.
കേസുമായി ബന്ധപ്പെട്ട് ഐഎസ്ഐ മുന്‍ തലവന്മാരായ അഹമ്മദ് ഷൂജ പാഷ, നദീം താജ് എന്നിവര്‍ക്കും ഈ പരിരക്ഷ ലഭിക്കും. 12 പേജുള്ള റിപ്പോര്‍ട്ടിലാണ് സറ്റുവര്‍ട്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്കറെതൊയ്ബയെ ഇല്ലാതാക്കണം,ഭീകരവാദ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയെ സഹായിക്കണമെന്നും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ ആക്രമണത്തിന് പിന്നില്‍ ഐഎസ്ഐ ഉണ്ടെന്നും ഐഎസ്ഐയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും ലഷ്കര്‍ നേതാക്കളായ മുഹമ്മദ് ഹാഫിസ് സയിദ്, സക്കീര്‍ ഉര് റഹ്മാന്, സാജിദ് മിര്‍, അസം ചീമ എന്നിവരെയും കേസില്‍ പ്രതികളാക്കണമെന്നാവശ്യപ്പെട്ടാണ് ആക്രമണത്തില്‍ മരിച്ച അമേരിക്കക്കാരുടെ ബന്ധുക്കള്‍ ന്യൂയോര്‍ക്ക് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാരാണ് കൊല്ലപ്പെട്ടത്.
മുംബൈ ഭീകരാക്രമണക്കേസില്‍ ഐഎസ്ഐയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഭീകരന് അബു ജുണ്ടാലും നേരത്തെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതാണ്.ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന നിലപാടാണ് അമേരിക്കയ്ക്ക് ഇതുവരെ ഉണ്ടായിരുന്നത്. ഭീകരരെ സംരക്ഷിക്കുകയും ഇവര്‍ക്ക് സ്വര്‍ഗ താവളങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് പാക്കിസ്ഥാനാണെന്നും അമേരിക്ക അടിക്കടി പറയാറുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് നിലപാടിനോട് യോജിക്കുന്ന ഉത്തരവാണ് യുഎസ് കോടതിയില്‍ നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
മുംബൈ ഭീകരാക്രമണം നടത്തിയ ലഷ്കര്‍ ഭീകരരെ നിയന്ത്രിച്ചതും ഇവര്‍ക്ക് സാമ്പകത്തിക സഹായങ്ങള്‍ നല്കിയതും ഐഎസ്ഐ ആണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത ഭീകരെ റിക്രൂട്ട് ചെയ്തത് ഐഎസ്ഐ ജനറല്‍ പാഷയായിരുന്നുവെന്നും ആക്രമണത്തിലൂടെ തങ്ങള്‍ക്ക് ഉണ്ടായ നഷ്ടത്തിന് പാരിതോഷികം നല്‍കണമെന്നും ബന്ധുക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഐഎസ്ഐയ്ക്ക് നിയമപരിരക്ഷ ഉണ്ടെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ യുഎസ് കോടതിയില്‍ അറിയിച്ചിരുന്നു. പാക്ക് സര്‍ക്കാരിന്റെ ഭാഗമായ ഐഎസ്ഐയ്ക്ക് നിയമപരിരക്ഷയുണ്ടെന്നും ഇതില്‍ നിന്നും ഇവരെ ഒഴിച്ച് നിര്‍ത്താനാകില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ യുഎസ് സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്ന് ഈ വര്‍ഷം ഏപ്രില്‍ 23നാണ് കോടതി നിര്‍ദ്ദേശിച്ചത്. ഈ മാസം 17നായിരുന്നു നിലപാട് അറിയിക്കണ്ട അവസാന ദിവസം.
ഫോറിന് സോവറിന്‍ ഇമ്മ്യൂണിറ്റി നിയമപ്രകാരം ഐഎസ്ഐയെ പാക് സര്‍ക്കാരിന്റെ ഒരു ഭാഗമായാണ് കണക്കാക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലായതിനാല്‍ ഇവര്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്നുണ്ടെന്നാണ് യുഎസ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ പാക്ക് സര്‍ക്കാരിന്റെ ഭാഗമല്ല ഐഎസ്ഐ എന്നും പാക് നിയമങ്ങള്‍ പ്രകാരമാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നുമാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയില്‍ അറിയിച്ചത്. പാക്ക് സര്‍ക്കാരിന്റെ ഭാഗമാണ് ഐഎസ്ഐ എന്നാണ് യുഎസ് കോണ്‍ഗ്രസ് പോലും അംഗീകരിച്ചിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പറഞ്ഞ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പാക്കിസ്ഥാനിലെ ലഷ്കര്‍ ഭീകരരെ ഉന്മൂലനം ചെയ്യുന്നതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: