ഭാരത സായുധസേന അവരുടെ ശൗര്യത്തിലും പരാക്രമത്തിലും ലോകപ്രസിദ്ധമാണ്. 1971 ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ പാക്കിസ്ഥാന് പട്ടാളത്തെ പരാജയപ്പെടുത്തുകയും ഡിസംബര്‍ 16 ന് ഇന്ത്യന്‍ പട്ടാളത്തിന് മുന്നില്‍ കീഴടങ്ങുകയും ചെയ്തു. ഇത് കിഴക്കന്‍ പാക്കിസ്ഥാന് സ്വതന്ത്രമാക്കുവാനും ബംഗ്ലാദേശ് എന്ന രാഷ്ട്രം ജനിക്കുവാനും കാരണമായി. കേവലം 13 ദിവസം കൊണ്ട് നടന്ന ഉഗ്രയുദ്ധത്തില്‍ ഏകദേശം 4000 സൈനികര്‍ വീരമൃത്യു വരിക്കുകയും 10,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുദ്ധസാധ്യതകള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ ഭാരതമാസകലം രാഷ്ട്രഭക്തി അലയടിച്ചുയര്‍ന്നു. എല്ലാ ജനങ്ങളും ഉത്സാഹത്തോടെ യുദ്ധസഹായം എത്തിക്കുകയും ചെയ്തു. രാജ്യത്തിനുമേല്‍ എന്തെങ്കിലും ആപത്ത് വരികയാണെങ്കില്‍ എല്ലാ ഭാരതീയരും ഭിന്നത മറന്ന് ഒറ്റക്കെട്ടായി ചേരുമെന്ന് ഇത് കാണിക്കുന്നു. യുദ്ധം കൊടുമ്പിരികൊണ്ടപ്പോള്‍ മറ്റ് വന്‍ ശക്തികളുടെയോ ഐക്യരാഷ്ട്രസംഘടനയുടെയോ മുന്നില്‍ മുട്ടുമടക്കാതെ യുദ്ധം ലക്ഷ്യം കാണുന്നതില്‍ നാം വിജയിച്ചു. യുദ്ധം വിജയകരമായി പര്യവസാനിച്ചപ്പോള്‍ ബംഗ്ലാദേശിനെ നാം സ്വത്രന്ത്രരാഷ്ട്രമായി പ്രഖ്യാപിച്ച് അവരുടെ ജനനേതാക്കളുടെ കയ്യില്‍ ഭരണം ഏല്‍പ്പിച്ചു. കീഴടങ്ങിയ 93,000 പട്ടാളക്കാരെ യുദ്ധത്തടവുകാരായി പിടിച്ച് ഭാരതത്തിലേക്ക് കൊണ്ടുവന്നു. അവരെ ബംഗ്ലാദേശിന് വിട്ടുകൊടുത്തിരുന്നെങ്കില് അവര്‍ കൊല്ലപ്പെടുമായിരുന്നു. ഈ നാണംകെട്ട പരാജയത്തിന് പകരം ചോദിക്കുവാനാണ് 1999 ല്‍ കാര്‍ഗില്‍ നുഴഞ്ഞുകയറിയത്. ഉയര്‍ന്ന മലനിരകളില്‍ കടന്നുകൂടിയ പാക് പട്ടാളം ശ്രീനഗറിലേക്കുള്ള പാത അടയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രതികൂലമായ സാഹചര്യം അതിജീവിച്ച് അവസാനം ഇന്ത്യന്‍ സൈന്യം വിജയക്കൊടി പാറിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ക്ക് വമ്പിച്ച ബഹുമതിയും ആദരവുമാണ് ലഭിച്ചത്. ജനമനസുകളില്‍ രാഷ്ട്രഭക്തി പതിന്മടങ്ങായി വര്‍ധിച്ചു.
1971 ഡിസംബര്‍ 16 ന് പാക്കിസ്ഥാന്റെ പൂര്വകമാന്ഡറും ബംഗ്ലാദേശിലുള്ള എല്ലാ സായുധസേനാംഗങ്ങളും ഇന്ത്യന്‍ പട്ടാളത്തിന്റെ കമാന്‍ഡറായ ലഫ്റ്റനന്റ് ജനറല്‍ ജഗജിത്ത്സിംഗ് അറോറക്ക് മുന്നില്‍ കീഴടങ്ങി. ഈ കീഴടങ്ങലില്‍ കിഴക്കന്‍ പാക്കിസ്ഥാന്റെ കര, നാവിക, വ്യോമസേനകളിലെ എല്ലാ അംഗങ്ങളും എത്തിയിരുന്നു.
ഈ ഉടമ്പടി ഒപ്പുവെച്ച ഉടന്‍ പാക്കിസ്ഥാന്റെ പൂര്വകമാന്ഡര്, ഭാരതത്തിന്റെ ലഫ്റ്റനന്റ് ജനറല്‍ അറോറക്ക് മുന്നില്‍ വന്ന് ഞങ്ങളെല്ലാം അങ്ങയുടെ ഉത്തരവുകള്‍ പാലിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പ് ഉണ്ടായാല്‍ അത് ഉടമ്പടി നിയമങ്ങള്‍ക്ക് വിരുദ്ധമായി കണക്കാക്കാമെന്നും അങ്ങനെ വന്നാല്‍ യുദ്ധകാലങ്ങളിലെ നിയമങ്ങള്‍ അനുസരിച്ച് തങ്ങള്‍ക്ക് ശിക്ഷ വിധിക്കാം എന്നും സമ്മതിച്ചു. ലഫ്റ്റനന്റ് ജനറല്‍ അറോറയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും എന്നും അറിയിച്ചു. അറോറയാകട്ടെ ജെയിനെവ കണ്വെന്ഷന് അനുസരിച്ച് കിഴടങ്ങിയവരോട് അങ്ങേയറ്റം മര്യാദാപരമായി പെരുമാറണമെന്നും പ്രഖ്യാപിച്ചു. ഇന്ത്യന്‍ സൈനികര്‍ ബംഗ്ലാദേശിലുള്ള എല്ലാ വിദേശികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കൂടാതെ ബംഗ്ലാദേശിലുള്ള പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍കാര്‍ക്കും എല്ലാവിധ സുരക്ഷയും ഏര്‍പ്പെടുത്തുമെന്നും പറഞ്ഞു.
യുദ്ധത്തില്‍ പരമവീര ചക്ര നേടിയ ലാന്‍സ്നായിക് എല്‍വ എക്ക ബീഹാറിലെ റാഞ്ചി എന്ന ഗ്രാമത്തില്‍ ജെന്നീസ് എക്കയുടെ പുത്രനായി ജനിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ 14 ഗാര്ഡ്സില് ചേര്‍ന്ന രാജ്യസേവനം അനുഷ്ഠിച്ചു. 1971 ഇന്ത്യാ-പാക് യുദ്ധത്തില്‍ കിഴക്കന്‍ മേഖലയില്‍ അഗര്‍ത്തലയുടെ അടുത്തുണ്ടായിരുന്ന പട്ടാളവ്യൂഹത്തെ തകര്‍ക്കാന്‍ മുന്‍കൈ എടുത്തു. കടുത്ത ഷെല്ലിംഗ് നടത്തിയ പാക്കിസ്ഥാന് ലൈറ്റ് മെഷീന് ഗണ്ണുകളെ തകര്‍ക്കുകയും ബങ്കറുകളിലേക്ക് കടന്നാക്രമിച്ച് വീരമൃത്യു വരിക്കുകയും ചെയ്തു.
ഫ്ലൈയിംഗ് ഓഫീസര്‍ നിര്‍മ്മല്‍ജിത് സിംഗ് സേകോ പഞ്ചാബിലെ ലുധിയാനയില്‍ വ്യോമസേനയില്‍ ജോലിചെയ്തിരുന്ന ഫ്ലൈയിംഗ് ഓഫീസര്‍ ത്രിലോക് സിംഗ് സോക്കോയുടെ പുത്രനായി ജനിച്ചു. 1967 ല്‍ വ്യോമസേനയില്‍ കമ്മീഷന് ഓഫീസറായി ചേര്‍ന്നു. പാക്കിസ്ഥാന്റെ സേവര്‍ ഫൈറ്ററുകള്‍ ശ്രീനഗറില്‍ ആക്രമിക്കാന്‍ എത്തിയപ്പോള്‍ തന്റെ ജറ്റ് വിമാനം പറത്തി പാക്കിസ്ഥാന്റെ രണ്ട് വിമാനങ്ങള്‍ തകര്‍ത്തു. മറ്റ് നാല് വിമാനങ്ങള്‍ തകര്ക്കുന്നതിനിടയില് വീരമൃത്യു വരിച്ചു.
സെക്കന്റ് ലഫ്റ്റനന്റ് അരുണ്‍ സേത്രപാല് മഹാരാഷ്ട്രയിലെ പൂന എന്ന സ്ഥലത്ത് ബ്രിഗേഡിയര്‍ എം.എ. സേത്രപാലിന്റെ പുത്രനായി ജനിച്ചു. 1971 ജൂണ്‍ 11 ന് ആണ്ട്കോള് (റാങ്ക് റെജിമെന്റ്) കമ്മീഷന് ഓഫീസറായി ചേര്‍ന്നു. 1971 ലെ യുദ്ധത്തില്‍ പടിഞ്ഞാറന്‍ മേഖലയില്‍ പാക്കിസ്ഥാന്റെ നാല് ടാങ്കുകളെ ഒറ്റക്ക് പോരാടി നശിപ്പിച്ചു. പോരാട്ടത്തിനിടയില്‍ തന്റെ ടാങ്കിന് തീപിടിച്ചപ്പോള്‍- “എന്റെ ടാങ്കിന് മാത്രമാണ് തീപിടിച്ചത്. തോക്ക് നശിച്ചിട്ടില്ല” എന്ന് പറഞ്ഞ് ശത്രുവിന്റെ അവസാന ടാങ്കും തകര്‍ത്തു. ഈ ശ്രമത്തിനിടെ വീരമൃത്യു വരിച്ചു.
മേളൂര്‍ ഒസിയാര്സിംഗ് ഹരിയാനയില്‍ ഹരിസിംഗിന്റെ പുത്രനായി ജനിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ ഗ്രിനേഡിയര് യൂണിറ്റില്‍ കമ്മീഷന്റെ ഓഫീസറായി രാഷ്ട്രസേവനം ആരംഭിച്ചു. പടിഞ്ഞാറന്‍ മേഖലയിലെ ശക്കര്കട്ടില് കനത്ത പോരാട്ടം വന്നുകൊണ്ടിരിക്കുമ്പോഴും അതിനെ കൂസാതെ നമ്മുടെ പട്ടാളക്കാര്‍ക്ക് പ്രേരണയേകി. ശത്രുവിന്റെ ബങ്കറുകളിലെത്തി ആക്രമിച്ചു. വെടിയുണ്ടകള്‍ ഏറ്റിട്ടും പിന്മാറാതെ യുദ്ധമുഖത്ത് പൊരുതി വീരമൃത്യു വരിച്ചു.
ഇന്ത്യയോട് അടിക്കടി ഉണ്ടായ പരാജയങ്ങളില്‍നിന്ന് പാഠം പഠിക്കാത്ത പാക്കിസ്ഥാന് അതിര്‍ത്തി ലംഘിച്ചും നുഴഞ്ഞുകയറിയും ഭീകരവാദികളെ പ്രോത്സാഹിപ്പിച്ച് ഭാരതത്തോട് പ്രഛന്നയുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ ആഭ്യന്തര സമൂഹത്തില്‍ അസന്തുലിതമായ ജനസംഖ്യാ വര്‍ധനവ് രാഷ്ട്രത്തെ ശിഥിലീകരിച്ചുകൊണ്ടിരിക്കുന്നു. ഭീകരവാദികളുടെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഗവണ്മെന്റ് ഇതര ദേശവിരുദ്ധ സംഘടനകള്‍ (എന്‍ജിഒ) രാഷ്ട്രസുരക്ഷക്ക് തുരങ്കംവെക്കുന്നു. വടക്ക് കിഴക്കുനിന്നും ചൈന നിരന്തരം ഭീഷണിയുയര്‍ത്തുന്നു. ഒരിക്കല്‍ പവിത്രമായ നമ്മുടെ ഭൂമി കയ്യേറി അരുണാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുത്തു. ഇന്നും ആ ഭൂമികയ്യേറ്റം തുടരുന്നു. ജനങ്ങളില്‍ ദേശഭക്തി വളര്‍ത്തിയല്ലാതെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ല. ഈ ദിനം രാഷ്ട്രസ്മരണയുടെ ഒരു സുവര്‍ണ ദിനമാകട്ടെ. ദേശസ്നേഹത്തിന്റെ കാര്യത്തില്‍ ഭാരതമാതാവിനെ നമുക്ക് വീണ്ടും വിജയകീര്‍ത്തി അണിയിക്കാം.
- കെ. സേതുമാധവന്
(അഖിലഭാരതീയ പൂര്‍വ്വസൈനിക
സേവാപരിഷത്ത് സംസ്ഥാന സംഘടനാ
സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: