ന്യൂദല്‍ഹി: 38 വര്‍ഷത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും വീസാ ചട്ടങ്ങള്‍ ഉദാരമാക്കി. 1974ല്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ച വിസ കരാറിനു പകരമുള്ള പുതിയ കരാറില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്കും ഒപ്പുവച്ചു.
പുതിയ ആനുകൂല്യങ്ങളില്‍ ഇരു രാജ്യങ്ങളിലെയും ബിസിനസുകാര്‍ക്കു സൗജന്യ വിസ, വൃദ്ധജനങ്ങള്ക്കു സൗജന്യ വിസ എന്നിവ ഉള്‍പ്പെടുന്നു. രണ്ട് രാജ്യങ്ങളും തമ്മില്‍ പുതിയ വീസ ചട്ടം നടപ്പിലാക്കിയ വിവരം നയതന്ത്ര കാര്യാലയങ്ങളെ അറിയിച്ചുകഴിഞ്ഞതായി മന്ത്രി ഷിന്‍ഡെ അറിയിച്ചു.
അതേസമയം, കാര്‍ഗില്‍ യുദ്ധത്തിനിടെ പാക്ക് സൈന്യത്തിന്റെ ക്രൂര പീഡനമേറ്റു മരിച്ച ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ മരണകാരണത്തെക്കുറിച്ച് അറിവില്ലെന്നു പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക് അറിയിച്ചു. ക്യാപ്റ്റന്‍ കാലിയ മരിച്ചതു വെടിയേറ്റാണോ കാലാവസ്ഥ മൂലമാണോ എന്നു തനിക്ക് അറിയില്ലെന്നും എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും മാലിക് പറഞ്ഞു.
ക്യാപ്റ്റന്‍ കാലിയയുടെ മൃതദേഹം ഇന്ത്യക്കു ലഭിക്കുമ്പോള്‍ ശരീരം മുഴുവന്‍ ക്രൂരപീഡനത്തിന്റെ തെളിവുകളുണ്ടായിരുന്നു. സിഗററ്റുകൊണ്ടു കുത്തിയ പൊള്ളലുകള്‍ ദേഹത്തുണ്ടായിരുന്നു. ചെവിയില്‍ പഴുപ്പിച്ച ഇരുമ്പുകമ്പി കുത്തിയിറക്കിയ നിലയിലും ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലുമായിരുന്നു. സൗരഭ് കാലിയയെ പാക് സൈന്യം പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മാലിക്കില്‍ നിന്നു കാര്യമായ പ്രതികരണമുണ്ടായില്ല. തെളിവുകള്‍ ഹാജരാക്കാമെങ്കില്‍ കേസ് പരിഗണിക്കാമെന്നായിരുന്നു മാലിക്കിന്റെ ഇതുസംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി.
അതേസമയം, പാക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരനായ സരബ്ജിത്ത് സിംഗിന്റെ കുടുംബത്തിനു പാക്കിസ്ഥാനിലേയ്ക്കു റഹ്മാന് മാലിക്ക് ക്ഷണിച്ചു. സഹോദരനെ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് മാലിക്കുമായി സരബ്ജിത്തിന്റെ സഹോദരി കൂടിക്കാഴ്ച നടത്തി. ഈ വേളയിലാണ് സരബ്ജിത്തിന്റെ സഹോദരിയെയും കുടുംബത്തെയും പാക്കിസ്ഥാനിലേയ്ക്കു മാലിക്ക് ക്ഷണിച്ചത്.
ആവശ്യമെങ്കില്‍ ദീര്‍ഘകാലത്തേയ്ക്കു വീസ അനുവദിക്കാന്‍ തയാറാണെന്നും മാലിക്ക് പറഞ്ഞു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച വൈകീട്ടാണ് മാലിക് ദല്‍ഹിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: