വാഷിംഗ്ടണ്‍: അമേരിക്കയിലെ കണക്ടിക്കട്ടിലെ പ്രൈമറി സ്ക്കൂളിലുണ്ടായ വെടിവെപ്പില്‍ 18 കുട്ടികള്‍ ഉള്‍പ്പെടെ 27 പേര് മരിക്കാനിടയായ സംഭവത്തില്‍ അക്രമിയുടെ സഹോദരനെ അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ ന്യൂജേഴ്സി സ്വേദേശി ആഡം ലന്സയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ പിതാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കണക്ടിക്കട്ട് സ്റ്റേറ്റിലെ ന്യൂടൗണ്‍ സാന്‍ഡി ഹുക്ക് സ്കൂളില്‍ വെള്ളിയാഴ്ച്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. ഇന്ത്യന്‍സമയം രാത്രി പത്തു മണിയോടെയാണ് വെടിവെയ്പ്പുണ്ടായത്. സ്കൂളില്‍ ജോലി ചെയ്തിരുന്ന അമ്മയ്ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം അക്രമി കുട്ടികള്‍ക്ക് നേരെയും നിറയൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് വെടിവെച്ചുകൊന്നു. തുടര്‍ന്ന് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്കൂളില്‍ നിന്നു കുട്ടികളെയും അധ്യാപകരെയും ഒഴിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രസിഡന്റ് ബരാക് ഒബാമ ദു:ഖം രേഖപ്പെടുത്തി. സംഭവം ഞങ്ങളുടെ ഹൃദയം തകര്‍ത്തുവെന്ന് വൈറ്റ്ഹൗസില്‍ നടത്തിയ അനുശേചനത്തില് ഒബാമ പറഞ്ഞു. അടിയന്തര നടപടികള്‍ സ്വീകരിക്കാനും ഒബാമ അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ദും:ഖം രേഖപ്പെടുത്തിയ ഒബാമ സംസാരത്തിനിടയില്‍ വിതുമ്പുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്കി. സംഭവത്തില്‍ ദു:ഖ സൂചകമായി അമേരിക്കന്‍ പതാക താഴ്ത്തിക്കെട്ടാനും ഒബാമ നിര്‍ദ്ദേശം നല്കി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത്തരം സംഭവങ്ങള്‍ ഇവിടെ അരങ്ങേറുന്നുണ്ട്. ഇത് തടയാന്‍ നമ്മള് ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവവികാസങ്ങള്‍ അപ്പപ്പോള്‍ പ്രസിഡന്റിനെ അറിയിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെ കാര്‍ണി പറഞ്ഞു. സംഭവത്തില്‍ യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ദു:ഖം രേഖപ്പെടുത്തി. സംഭവം നടന്ന കണക്ടിക്കട്ടിലെ ഗവര്‍ണര്‍ക്ക് അയച്ച കത്തിലാണ് ബാന്‍ കി മൂണ്‍ സംഭവത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തിയത്. ഇത്തരം ആക്രമണങ്ങളില്‍ കുട്ടികളെ ലക്ഷ്യം വെയ്ക്കുന്നത് മനുഷ്വത്യരഹിതമാണെന്നും ചിന്തിക്കാനാകാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ലോകരാജ്യങ്ങളും ലോകനേതാക്കളും ദു:ഖം രേഖപ്പെടുത്തി. യൂറോപ്യന്‍ യൂണിയന് നയതന്ത്ര മേധാവി കാതറിന് ആഷ്ടോണ്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഒബാമയെ വിളിച്ച് ദു:ഖം രേഖപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഓലന്ത്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് എന്നിവരും സംഭവത്തില്‍ നടുക്കവും, ദു:ഖവും രേഖപ്പെടുത്തി.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളും മുന്‍കരുതല്‍ എന്നനിലയ്ക്കു അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിനിടെ, പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്ന് ഡാന്‍ബറി മേയര്‍ മാര്‍ക്ക് ബോട്ടന് പറഞ്ഞു. സ്കൂളിലും പരിസരത്തും പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന തുടരുകയാണ്. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമെ സംഭവം സംബന്ധിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്നു രണ്ടു തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. അതേസമയം, രണ്ടു തോക്കുധാരികളാണ് ആക്രമണം നടത്തിയെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
സ്കൂളിലെ പ്രധാന ഹാളില്‍ നിന്നു നൂറിലേറെ തവണ വെടിയൊച്ചകള്‍ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. കൂടാതെ ക്ലാസ്മുറികളിലും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. അഞ്ചു മുതല്‍ പത്തു വരെ പ്രായമുള്ള 600ലേറെ കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് സാന്‍ഡി ഹുക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: