മധുര: ഗ്രാനൈറ്റ് ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന കേന്ദ്രമന്ത്രി അഴഗിരിയുടെ മകന് ദുരൈ ദയാനിധി കീഴടങ്ങി. മധുരെ കോടതിയിലാണ് ദുരൈ ദയാനിധി കീഴടങ്ങിയത്. തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതി ദുരൈ ദയാനിധിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങല്‍.
ദുരൈയ്ക്കെതിരേ പോലീസിന്റെ ആവശ്യപ്രകാരം കീഴ്ക്കോടതി പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ഹൈക്കോടതി റദ്ദാക്കിയിരുന്നു. പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മേലൂര്‍ പോലീസ് സ്റ്റേഷനില്‍ ദിവസവും ഹാജരാകണമെന്നുമുള്ള വ്യവസ്ഥയോടെയാണ് ദുരൈ ദയാനിധിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ദുരൈ ദയാനിധിക്കും മറ്റ് പത്ത് പേര്‍ക്കുമെതിരേയാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ അനുമതി കൂടാതെ ഗ്രാനൈറ്റ് ഖനനം നടത്തിയെന്നാണ് കേസ്. കേസില്‍ അന്വേഷണം ആരംഭിച്ച ശേഷം നാലു മാസത്തോളം ദുരൈ ദയാനിധി ഒളിവിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: