മുംബൈ: ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാലിദ്വീപിനോട് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഒരുങ്ങുന്നു. മാലി എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും ജിഎംആറിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഈ നടപടി. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചറുമായി 2010 ല്‍ മാലി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ അകാരണമായി റദ്ദാക്കുകയായിരുന്നു. നഷ്ടപരിഹാരമായി 800 ദശലക്ഷം ഡോളറാണ് ആവശ്യപ്പെടുക എന്നാണ് അറിയുന്നത്.
മാലിയിലെ ഇബ്രാഹിം നാസിര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 511 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ജിഎംആര്‍ നടത്തിയിരുന്നത്. നഷ്ടപരിഹാര ഇനത്തില്‍ ഏകദേശം 800 ദശലക്ഷം ഡോളറാണ് ആവശ്യപ്പെടാന്‍ ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യത്തില്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജിഎംആര്‍(വിമാനത്താവളം) സിഎഫ്ഒ സിദ്ധാര്‍ത്ഥ് കപൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
2010 നവംബറിലാണ് മാലി എയര്‍പോര്‍ട്ട് നവീകിരിക്കുന്നതിനും 25 വര്‍ഷത്തേക്ക് മേല്‍നോട്ടം നടത്തുന്നതിനുമുള്ള കരാര്‍ ജിഎംആറിനും മലേഷ്യ എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ബര്ഹാദിനും ലഭിച്ചത്. മാലിദ്വീപില്‍ ഏറ്റവും വലിയ വിദേശ നിക്ഷേപം നടത്തിയ കമ്പനിയായിരുന്നു ജിഎംആര്‍.
വിമാന യാത്രക്കാരില്‍ നിന്നും 25 ഡോളര്‍ വിമാനത്താവള വികസന ചാര്‍ജായി ഈടാക്കാനുള്ള ജിഎംആറിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സര്‍ക്കാരും കമ്പനിയും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നത്. കരാര്‍ നിബന്ധന പ്രകാരം എയര്‍പോര്‍ട്ട് വികസന ചാര്‍ജ് ഈടാക്കുന്നതിനുള്ള അനുമതി ജിഎംആറിന് ഉണ്ടെന്നിരിക്കെ ഈ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു മാലി സര്‍ക്കാരിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: