വാഷിംഗ്ടണ്‍: സിറിയയില്‍ സര്‍ക്കാര്‍ വിമത സേനയ്ക്കു നേരെ സ്കഡ് മിസെയില്‍ പ്രയോഗിച്ചതായി വെളിപ്പെടുത്തല്‍. മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയയില്‍ സര്‍ക്കാര്‍ സേന ഇതാദ്യമായാണ് സ്കഡ് മിസെയിലുകള്‍ പ്രയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിമതരുടെ ശക്തികേന്ദ്രങ്ങളിലായിരുന്നു മിസെയില്‍ പ്രയോഗം. എന്നാല്‍ സ്കഡ് മിസെയിലുകളുടെ പ്രയോഗം സ്ഥിരീകരിക്കാന്‍ യുഎസ് വിദേശകാര്യ വക്താവ് വിക്ടോറിയ ന്യൂളന്റ് തയാറായില്ല. അസദ് ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം നടത്തുന്ന പ്രതിപക്ഷ സഖ്യത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള നൂറിലധികം രാജ്യങ്ങള്‍ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. മിസെയില്‍ ആക്രമണത്തിന്റെ പ്രത്യാഘാതം എത്രമാത്രമുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ സിറിയയില്‍ തന്നെ ഇതാദ്യമായാണ് സ്കഡ് മിസെയില്‍ ആക്രമണം നടക്കുന്നതെന്നും യുഎസ് മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. സൈനിക ടാങ്കുകള്‍ക്കും, സൈനിക ആസ്ഥാനങ്ങള്‍ക്കും നേരെയാണ് സാധാരണയായി സ്കഡ് മിസെയില്‍ ആക്രമണങ്ങള്‍ നടത്തുന്നത്. സിറിയയിലെ ഇപ്പോഴുള്ള സ്ഥിതിഗതികള്‍ കണക്കിലെടുക്കുമ്പോള്‍ വിമതസേനയുടെ ഒളിത്താവളങ്ങളിലായിരിക്കും ആക്രമണം നടത്തിയിരിക്കാമെന്നാണ് വിലയിരുത്തല്‍. അതേസമയം, സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ഉണ്ടായ സ്ഫോടന പരമ്പരകളില്‍ 12 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ പ്രതിരോധമന്ത്രാലയം പ്രവര്‍ത്തിക്കുന്ന മന്ദിരത്തിനു നേരെ നടന്ന മൂന്നു ബോംബാക്രമണങ്ങളില്‍ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ കഴിഞ്ഞ ഇരുപതു മാസങ്ങളായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിമതഗ്രൂപ്പാണ് ആക്രമണം നടത്തിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാന പ്രവേശനകവാടത്തിലാണ് സ്ഫോടനം നടന്നത്. അതേസമയം, പ്രതിരോധമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനിടെ ദമാസ്കസിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിരവധി സ്ഫോടനങ്ങളുണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി ദമാസ്കസിനു സമീപം മസാ നഗരത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച മിനി ബസ് പൊട്ടിത്തെറിച്ച് മൂന്നു പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: