അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം അവസാനിച്ചു. നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്ക് കൂടി വേദിയാകുകയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്.കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കൊപ്പം സാങ്കേതിക വിദ്യയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് കൂടുതല്‍ കുറ്റമറ്റതും ലഘുവും ആക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം.കര്ശനനിയന്ത്രണങ്ങള്ക്കൊപ്പം പുതിയ പരിഷ്ക്കാരങ്ങളും ഇത്തവണ തെരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.മൊബെയിലില്‍ നിന്നും ഒരു ടോള്‍ ഫ്രീ നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം. വിവരങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാനുള്ള നമ്പറും മറുപടിയായി ലഭിക്കും.ഗുഗിള്‍ മാപ്പില്‍ വിരലമര്‍ത്തിയാല്‍ പോളിങ്ങി സ്റ്റേഷന് സംബന്ധിച്ച വിവരങ്ങള്‍ അറിയാം. പോളിങ്ങ് ബൂത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എസ്എംഎസ് മോണിട്ടറിങ്ങ് സംവിധാനം ഉപയോഗിച്ച് സമയാസമയം തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടിങ്ങ് ശതമാനം നിരീക്ഷിക്കാന്‍ കഴിയും.വോട്ടെടുപ്പ് എപ്പോള്‍ ആരംഭിച്ചു അവസാനിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യസമയം കമ്മീഷന്റെ സെര്‍വറിലെത്തും.എല്ലാവര്ക്കും ഫോട്ടോ പതിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് സ്ലിപ്പുകള്‍ ഏര്‍പ്പെടുത്തിയതും ഇത്തവണത്തെ പ്രത്യേകതയാണ്. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ തന്നെ ഇലക്ഷന് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് അക്കൗണ്ടിലേക്ക് പ്രതിഫലം എത്തും.നോട്ടീസുകളില്‍ പ്രിന്ററുടെയും പബ്ലിഷറുടെയും പേര് ചേര്‍ക്കുന്നത് നിര്‍ബന്ധം ആക്കിയിട്ടുണ്ട്. ഓരോ സ്ഥാനാര്‍ത്ഥിയുടെയും ചെലവ് 16 ലക്ഷത്തില്‍ ഒതുക്കുക പരമാവധി സ്ഥലങ്ങളില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തി വോട്ടെടുപ്പിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുക എന്നിങ്ങനെയുള്ള നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.വരും തെരഞ്ഞെടുപ്പുകളില്‍ ഈ നടപടി രാജ്യമാകെ വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് കമ്മീഷന്.
കേന്ദ്രഭരണത്തിലേക്ക് ചൂണ്ടുപലകയാകുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് മുഖ്യമന്ത്രി നരേന്ദ്രമോഡിയിലേക്കാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും കേന്ദ്രരാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുന്ന മോഡിയെ പിടിച്ചു കെട്ടാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനനേതാക്കള്ക്കോ കേന്ദ്രനേതാക്കള്ക്കോ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
മോഡിയാകട്ടെ തെരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളെ പൂര്‍ണമായും അവഗണിച്ച് കേന്ദ്രനേതാക്കളെ പ്രതിസ്ഥാനത്തു നിര്‍ത്തി അങ്കം ജയിക്കാനുള്ള പടനയിക്കുകയായിരുന്നു. ഇതിലൂടെ താന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുകയാണെന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. പ്രധാനമന്ത്രി മന്മോഹന്സിംഗിനെയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെയും വിമര്‍ശിക്കുന്നതില്‍ മോഡി അല്പം പോലും പിശുക്കുകാട്ടിയിട്ടില്ല. അവരുടെ ആരോപണങ്ങള്‍ക്ക് ഉരുളയ്ക്കുപ്പേരിയെന്നവണ്ണം മോഡി നല്കുന്ന മറുപടി ഭാവിയിലേക്കുള്ള മുന്നറിയിപ്പു കൂടിയാണെന്ന് വ്യക്തം. പടലപ്പിണക്കങ്ങളും ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയവും സേനാനായകന്റെ അഭാവവുമെല്ലാം ചേര്‍ന്ന് കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാക്കിയിരിക്കുകയാണ്.
പകരംവയ്ക്കാനില്ലാത്ത നേതാവാണ് താനെന്ന് ഈ തെരഞ്ഞെടുപ്പില്‍ മോഡി ഒരിക്കല്‍ കൂടി തെളിയിക്കുമെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു. യുദ്ധം തുടങ്ങും മുമ്പ് പരാജയപ്പെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസും അവരുടെ നിഴലായ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയും. ഇരുവര്‍ക്കും 2002ലെ കലാപത്തിന്റെ ഇല്ലാ കഥകള്‍ ഉയര്ത്തിക്കാട്ടാനല്ലാതെ ഗുജറാത്തിലെ ഒന്നര പതിറ്റാണ്ടു നീണ്ട ബിജെപി ഭരണത്തിനെ കുറ്റപ്പെടുത്താന്‍ വകുപ്പുകളൊന്നും കയ്യിലില്ലെന്നതാണ് സത്യം. എന്തായാലും പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരുടെ മനസ്സ് തങ്ങള്‍ക്കനുകൂലമാണെന്ന് പറയാന്‍ പോലും പ്രതിപക്ഷ കക്ഷികള്‍ക്ക് ചങ്കൂറ്റമില്ലെന്ന് തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തന്നെ തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: