ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള് അധികാരമോഹിയാണെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും കേജ്രിവാളിനോടുള്ള നിലപാടില്‍ മാറ്റം വരുത്തിയതിന്റെ കാരണം യഥാസമയം വ്യക്തമാക്കുമെന്നും അണ്ണ ഹസാരെ. നിലപാട് മാറ്റിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇപ്പോള്‍ വിശദീകരിച്ചാല്‍ അത് പ്രശ്നമാകുമെന്നും ഹസാരെ പറഞ്ഞു. കേജ്രിവാളിനെക്കുറിച്ചുള്ള അഭിപ്രായത്തില്‍ അടിക്കടി മാറ്റം വരുത്തുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഹസാരെ. അരവിന്ദ് കേജ്രിവാള് വിശ്വസ്തനാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ സത്യസന്ധരായ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്നും ഹസാരെ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് കേജ്രിവാള് അധികാരമോഹിയാണെന്ന് ഹസാരെ തിരുത്തുകയായിരുന്നു.
തന്റെ വഴി ശരിയാണെന്ന് മനസ്സിലാക്കി ഹസാരെ പിന്തുണയുമായി തിരികെ വരുമെന്ന കേജ്രിവാളിന്റെ പ്രസ്താവനയോട് അത് കേജ്രിവാളിന്റെ സ്വപ്നമാണെന്നും ഹസാരെ പ്രതികരിച്ചു. രാഷ്ട്രീയത്തിലേക്കില്ലെന്ന പഴയ നിലപാട് ഹസാരെ ആവര്‍ത്തിച്ചു. രാഷ്ട്രീയമുണ്ടായിരുന്നെങ്കില്‍ വളരെ മുമ്പ് തന്നെ തനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ഹസാരെ വ്യക്തമാക്കി. രാജ്യസഭയില്‍ ശക്തമായ ലോക്പാല്‍ ബില്‍ അവതരിപ്പിച്ചില്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രക്ഷോഭം തുടങ്ങും. പാര്‍ലമെന്റ് ഭരണഘടനയുടെ അന്ത:സത്ത കാത്തുസൂക്ഷിക്കുന്നില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: