കൊച്ചി: ജ്യോതിഷ കോഴ്സുകള്‍ കോളേജുകളില്‍ പുതുതായി തുടങ്ങുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. കേരള ഗണക കണിശ സഭ എറണാകുളം ജില്ലാ കുടുംബസംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്യോതിഷം ഒരു ശാസ്ത്രമാണെന്നും ഇന്നത്തെ കാലത്ത് ജ്യോതിഷം നോക്കാത്തവരായി ആരുംതന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഗാന്ധിജി സാമൂഹിക സാംസ്കാരികവേദി കേന്ദ്രം ദല്‍ഹി ഏര്‍പ്പെടുത്തിയ ജ്യോതിഷചക്രവര്‍ത്തി ബഹുമതി ലഭിച്ച ഓണക്കൂര്‍ രാജീവ് ശങ്കരഗണകനെ മന്ത്രി ഉപഹാരം നല്കി ആദരിച്ചു.
രവീന്ദ്രന് തിരുവാണിയൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗണിക കണിശ സഭ സംസ്ഥാന പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയത്തില്‍ പിന്നോക്ക ജാതിയിലെ മുന്നോക്കക്കാര്‍ അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്ന പ്രവണത വളര്‍ന്നുവരുന്നതായും സ്ഥാനമാനങ്ങളും ചോദിച്ചുവാങ്ങുവാന്‍ സാമുദായിക സംഘടന അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അനൗപചാരിക വിദ്യാഭ്യാസ മേഖലയില്‍ ഗണക വിഭാഗത്തിന്റെ സേവനങ്ങള്‍ മറക്കാവുന്നതല്ലെന്നും ആത്മീയ ചിന്തകളും ദൈവവിശ്വാസവും സംഘര്‍ഷത്തില്‍ അയവുവരുത്തുന്ന ഘടകമാണെന്നും മനുഷ്യന്റെ ആകുലതകള്‍ അകറ്റുന്ന മഹത്തായ കര്‍മ്മമേഖലയാണ് ജ്യോതിഷമെന്നും തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്മാന് ആര്. വേണുഗോപാല്‍ വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.
വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സഭാംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ഉപഹാരവും ക്യാഷ് അവാര്‍ഡും കെജികെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.സുധാകരന് വിതരണംചെയ്തു.
ശശീന്ദ്രന് മറ്റക്കുഴി, കെ.എം. കനകലാല്‍, പി.എം. പുരുഷോത്തമന്, ഇരുമ്പനം ശിവരാമന്, കെ. ഹരിക്കുട്ടന്, രത്നം ശിവരാമന്, സതീഷ് ഏഴക്കരനാട്, ഷീല രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബസംഗമത്തിന്റെ ഭാഗമായി ആധ്യാത്മിക പ്രഭാഷണവും ശാഖാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: