ഇസ്ലാമബാദ്: സിന്ധില്‍ നടന്ന ലഷ്കര്‍ ഇ തൊയ്ബ ക്യാമ്പിന്റെ ചിത്രങ്ങളും മുംബൈ ആക്രമണത്തില്‍ പങ്കെടുത്ത പത്തു ഭീകരര്‍ ഉപയോഗിച്ച യന്ത്രബോട്ടുകളും തെളിവായി കോടതിയില്‍. 2008ലെ ആക്രമണത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞ ഏഴു പാക്കിസ്ഥാനികളെ വിസ്തരിക്കുന്ന ഭീകരവിരുദ്ധ കോടതിയിലാണ് ഇവ ഹാജരാക്കിയത്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥരാണ് റാവല്‍പിണ്ടിയിലെ അടച്ചിട്ട കോടതി മുറിയില്‍ വിചാരണ നടക്കവെ ഭീകരവിരുദ്ധ കോടതി ജഡ്ജി ചൗധരി ഹബീബ് ഉര് റഹ്മാന്റെ മുന്നില്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയത്.
എഫ് ഐ എ ഇപ്പോള്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന യന്ത്രബോട്ടുകളും മറ്റു തെളിവുകളും 2009 ജനുവരിയില്‍ കണ്ടെടുത്തതാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എഫ് ഐ എ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയ വസ്തുക്കള്‍ പ്രാഥമിക പരിശോധനയ്ക്കു ശേഷം ജഡ്ജി ജുഡീഷ്യല്‍ രേഖകളാക്കി മാറ്റി. അല്‍-ഹുസ്സൈനി, അല്‍-അട്ട, അല്‍-ഫൗസ് എന്നീ പേരുകളുള്ള ബോട്ടുകളാണ് ഭീകരവാദികള്‍ക്ക് അറേബ്യന്‍ സമുദ്രത്തില്‍ പരിശീലനം നല്കാന് ഉപയോഗിച്ചത്. സിന്ധിലെ താട്ടാ ജില്ലയിലെ മിര്‍പുര്‍ സാക്റോ പ്രദേശത്തും യൂസഫ് ഗോത്തിലും കറാച്ചിയിലെ ലാന്ധി പ്രദേശത്തും നടന്ന ലഷ്കര്‍ ക്യാമ്പുകളിലാണത്രെ ഇവര്‍ക്ക് പരിശീലനം നല്‍കിയത്. ഇരുപത്തിയഞ്ചിനും നാല്‍പ്പത്തിയെട്ടിനും ഇടയ്ക്ക് ഏക്കര്‍ സ്ഥലങ്ങളാണ് ഈ പരിശീലന ക്യാമ്പുകളില്‍ ഉണ്ടായിരുന്നതെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
മുംബൈയില്‍ ആക്രമണം നടത്താനുള്ള പത്തു ഭീകരരെയും ഈ ക്യാമ്പുകളില്‍ പരിശീലിപ്പിച്ചതായി ഏഴു പ്രതികളില്‍ ഒരാളായ ഹാമിദ് അമിന്‍ സാദിഖ് വിചാരണയ്ക്കിടെ ഏറ്റുപറഞ്ഞു. ഈ ഭീകരര്‍ സിന്ധിലായിരുന്നപ്പോള് ഇവര്‍ക്കുവേണ്ട സൗകര്യങ്ങളൊരുക്കിയത് സാദിഖായിരുന്നത്രെ. ഈ ഏഴുപേരില്‍ ലഷ്കറിന്റെ ഓപ്പറേഷന്‍സ് കമാന്റര്‍ സാക്കിര്‍ റഹ്മാന് ലഖ്വിയും ഉള്‍പ്പെടുന്നു. എഫ് ഐ എ ഉദ്യോഗസ്ഥര്‍ ഇവരുടെ മൊഴിയെടുത്തതായും ലഷ്കര്‍ ക്യാമ്പില്‍ നിന്നും ലഭിച്ച 350 ലേഖനങ്ങള്‍, ലൈഫ് ജാക്കറ്റുകള്‍, പിങ്ക് നിറത്തിലുള്ള പൊതിയുന്ന വസ്തുക്കള്‍ എന്നിവ ഹാജരാക്കിയതായും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചൗധരി സുള്‍ഫിക്കര്‍ അലി പറഞ്ഞു.
മുംബൈ ആക്രമണത്തെപ്പറ്റി അതിര്ത്തിക്കിരുവശത്തുമുള്ളവര് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ പിങ്ക് നിറത്തിലുള്ള വസ്തു അനിഷേധ്യതെളിവായിട്ടുണ്ട്. 2008 നവംബറില്‍ മുംബൈ ആക്രമണത്തിനിടെ മൂന്നു സ്ഥലങ്ങളില്‍ ഭീകരര്‍ സ്ഥാപിച്ച ബോംബില്‍ നിന്നും ഇന്ത്യന്‍ അന്വേഷണസംഘം ഇതിന്റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഈ പിങ്ക് നിറത്തിലുള്ള വസ്തു മുംബൈയിലേക്ക് ആക്രമണകാരികള്‍ സഞ്ചരിച്ച ബോട്ടുകളില്‍ നിന്നും കണ്ടെടുത്തിരുന്നു. കൂടാതെ ഇന്ത്യന്‍ ജയിലില്‍ മുംബൈ ആക്രമണക്കേസില്‍ പിടികൂടിയ ഏകഭീകരവാദിയായ, കഴിഞ്ഞ മാസം തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബ് ഉപയോഗിച്ചിരുന്ന ചാക്കില്‍ നിന്നും ഇതിന്റെ അംശങ്ങള്‍ കണ്ടെത്തിയിരുന്നു.
പാക്കിസ്ഥാനിലെ സിന്ധില്‍ നടന്ന ലഷ്കര്‍ ക്യാമ്പിലും ഇത് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഈ കേസ് അടിയന്തര പ്രാധാന്യം നല്കി അനാവശ്യ താമസം ഒഴിവാക്കി എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അലി ആവശ്യപ്പെട്ടു. പഞ്ചാബിലെ ഭീകരവിരുദ്ധ കോടതികളില്‍ ദിവസേന വിചാരണ നടക്കുന്ന സാധാരണ ഭീകരവാദ കേസുപോലെ കരുതാതെ ഇതിന് അടിയന്തര പ്രാധാന്യം നല്‍കണം. ഇപ്പോള്‍ മുംബൈ ആക്രമണ കേസ് ആഴ്ചയിലൊരു ദിവസമാണ് വിചാരണയ്ക്കെടുത്തു കൊണ്ടിരിക്കുന്നത്.
പ്രതിഭാഗം അഭിഭാഷകര്‍ ഹാജരാകുന്നതിനനുസരിച്ചാണ് ഇപ്പോള്‍ കേസ് വിളിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ ദിവസേന വിചാരണയ്ക്ക് ഹാജരാകാന്‍ തയ്യാറല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ ഡിസംബര്‍ 22ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: