കോഴിക്കോട്: മണല്‍ വേട്ടയ്ക്കിറങ്ങിയ കളക്ടറെ അപായപ്പെടുത്താന്‍ മണല്‍ മാഫിയയുടെ ശ്രമം. ഇന്നലെ പുലര്‍ച്ചെയാണ് കോഴിക്കോട് കളക്ടര്‍ കെ.വി. മോഹന്‍കുമാറിനു നേരെ ആക്രമണമുണ്ടായത്. ജില്ലയില്‍ മണല്‍ കള്ളക്കടത്ത് വ്യാപകമാവുന്നതിനിടെയാണ് ഇന്നലെ കളക്ടര്‍ തന്നെ മണല്‍ മാഫിയക്കാരെ പിടികൂടാന്‍ രംഗത്ത് ഇറങ്ങിയത്. പുലര്‍ച്ചെ മൂന്നു മണിക്കാണ് ഔദ്യോഗിക വാഹനം ഒഴിവാക്കി മൂന്നു ടാക്സികളിലായി കളക്ടറും പോലീസ് സംഘവും മണല്‍ക്കടത്തുകാരെ പിടികൂടാനിറങ്ങിയത്. മൂന്നര മണിയോടെ ഫറോക്ക് പഴയ പാലത്തിനടുത്ത് വച്ച് മണല്‍കയറ്റിയ വാഹനത്തിന്റെ എസ്കോര്‍ട്ട് ബൈക്ക് സ്ഥലനിരീക്ഷണം നടത്തി തിരിച്ചു പോകുന്നത് കളക്ടറുടെ ശ്രദ്ധയില്‍ പെട്ടു. താമസിയാതെ മണല്‍ കയറ്റിയ ടിപ്പര്‍ലോറിയും എക്സ്കോര്‍ട്ട് ബൈക്കും നീങ്ങി. നിര്‍ത്താതെ ഓടിച്ചുപോയ വണ്ടിയെ പിന്തുടര്ന്നെങ്കിലും പ്രധാനപാതയില്‍ നിന്നും ടിപ്പര്‍ ലോറി കണ്ണിട്ടിക്കുളം റോഡിലേക്ക് വെട്ടിച്ച് മാറുകയായിരുന്നു. ഇടുങ്ങിയ വഴിയില്‍ കളക്ടറും സംഘവും പിന്തുടര്ന്നെങ്കിലും ടിപ്പര്‍ ലോറി പെട്ടെന്ന് നിര്‍ത്തുകയും മണല്‍ പുറത്തേക്ക് തട്ടുകയായിരുന്നു. തലനാരിഴയ്ക്കാണ് കളക്ടറും സംഘവും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വണ്ടിയില്‍ നിന്ന് ഗണ്മാന് പുറത്തുവരുന്നത് കണ്ട് ബൈക്കുകാരനും രക്ഷപ്പെട്ടു.
തുടര്‍ന്ന് നാലരമണിക്ക് ചെറുവണ്ണൂര്‍ കോഴിക്കോട് റോഡിലും കളക്ടറുടെ സംഘത്തെ മറ്റൊരു മണല്‍കടത്ത് സംഘം അപകടപ്പെടുത്താന്‍ ശ്രമിച്ചു. ടിപ്പര്‍ ലോറിക്ക് മുമ്പില്‍ വന്ന ബൈക്ക് കളക്ടറുടെ കാറിന് കുറുകെയിട്ട് തടയുകയായിരുന്നു. അപ്പോഴേക്കും ടിപ്പര്‍ ലോറി രക്ഷപ്പെട്ടു. ബൈക്കിനെ പിന്തുടര്ന്നെങ്കിലും ബൈക്ക് ഊടുവഴിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് ഒരു ടിപ്പര്‍ ലോറി മാങ്കാവ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കെ.എല്‍.-07-എ.ബി. 5847 നമ്പര്‍ ലോറിയാണ് നല്ലളം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വാഹന ഉടമയായ ഒളവണ്ണ സ്വലാഹി ആഷിഖ്, ഡ്രൈവര്‍ ഋഷി കപൂര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ ശക്തമായ മണല്‍ മാഫിയ ശൃംഖലക്കെതിരെയുള്ള റവന്യൂ-പോലീസ് നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് കളക്ടര്‍ തന്നെ മണല്‍ മാഫിയകള്‍ക്കെതിരെ രംഗത്തുവന്നത്. പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കാതെയാണ് കളക്ടര്‍ തിരച്ചില്‍ നടത്തിയത്.
മണല്‍ മാഫിയ സംഘത്തിനെതിരായ നീക്കങ്ങള്‍ ഏകോപിപ്പിക്കുമെന്ന് കളക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ പറഞ്ഞു. വ്യാപകമായ തിരച്ചിലിനും അനധികൃത മണലൂറ്റ് കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും തുടര്‍ന്നും റെയ്ഡു നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: