തൃശൂര്‍: രാമനിലയത്തിനോട് ചേര്‍ന്നുള്ള കൂത്തമ്പലം കത്തി നശിച്ച സംഭവത്തില്‍ ഒരു വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കൂത്തമ്പലം കത്തിച്ചതാണെന്ന് എല്ലാ റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടും കത്തിച്ചത് ആരാണെന്ന് കണ്ടുപിടിക്കാന്‍ ഒരു വര്‍ഷമായിട്ടും പോലീസിന് സാധിച്ചില്ല. ഈസ്റ്റ് സിഐയുടേയും ഡിവൈഎസ്പിയുടേയും നേതൃത്വത്തില്‍ ഇതുവരെ അന്വേഷണം നടന്നതെങ്കിലും ഒരു വര്‍ഷം തികയാന്‍ പോകുന്ന അവസരത്തില്‍ അന്വേഷണച്ചുമതല ഇപ്പോള്‍ ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചിരിക്കുകയാണ്. സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള തൃശൂരിന്റെ തിലകക്കുറിയായി മാറുമായിരുന്ന കൂത്തമ്പലം കത്തിച്ച സംഭവത്തില്‍ അന്വേഷണത്തിന് വേഗതകൂട്ടാന്‍ യാതൊരു തരത്തിലുള്ള ഇടപെടലും നടത്താന്‍ സാംസ്കാരിക വകുപ്പ് തയ്യാറായിരുന്നില്ല. പല വിധ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി പോലീസ് അന്വേഷണം മരവിപ്പിക്കുകയായിരുന്നെന്നും ആരോപണമുണ്ട്.
ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തില്‍ വാസ്തുവിദ്യാ പീഠത്തിന്റെ മേല്‍നോട്ടത്തില്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് കൂത്തമ്പലത്തിന്റെ നിര്‍മ്മാണം നടത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ സ്ഫോടകവസ്തുക്കളെ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് സ്പെഷല്‍ ബ്രാഞ്ചിന് ആറുമാസം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ തൃശൂര്‍ ഡിവൈഎസ്പി ആയിരുന്ന ടി.കെ.തോമസിനായിരുന്നു അന്വേഷണ ചുമതല. അദ്ദേഹത്തിനെതിരെയായിരുന്നു സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെ.ബി.സുരേഷ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ദിനംപ്രതി നിരവധി വിഐപികള്‍ എത്തുന്ന രാമനിലയത്തിനോട് ചേര്‍ന്നാണ് കൂത്തമ്പലം നിര്‍മ്മിച്ചിരുന്നത്. ഏത് സമയവും പോലീസിന്റെ സാന്നിദ്ധ്യമുള്ള സ്ഥലത്ത് തീപിടുത്തമുണ്ടായതിന് പിന്നില്‍ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ നാളിതുവരെയും സാധിക്കാത്തതിന് പിന്നില്‍ ശക്തമായ ചിലരുടെ സമ്മര്‍ദ്ദമുണ്ടെന്നും പറയുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2005 ആഗസ്റ്റ് 23നാണ് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കെ.സി.വേണുഗോപാല്‍ കൂത്തമ്പലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 2006 മാര്‍ച്ചു മാസത്തോടെ പണികള്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. പ്രശസ്ത വാസ്തുകലാ വിദഗ്ദ്ധനായ കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാടാണു കൂത്തമ്പലം ഡിസൈന്‍ ചെയ്തത്. ടൂറിസംവകുപ്പിനു കീഴിലാണു കൂത്തമ്പലമെങ്കിലും നിര്‍മ്മാണശേഷം കേരള സംഗീത നാടക അക്കാഡമിയെകൂടി സഹകരിപ്പിക്കാനായിരുന്നു ഉദേശ്യം. നാലര വര്‍ഷം മുന്‍പു തുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ പലപ്പോഴായി മുടങ്ങുകയായിരുന്നു.
ബാലഭവനോടു ചേര്‍ന്നു സാംസ്കാരിക വകുപ്പിന്റെ സ്ഥലത്താണു നിര്‍മാണം. ഫണ്ട് അലോക്കേഷന് നടക്കാതിരുന്നതിനാല്‍ ഒരു വര്‍ഷമായി നിര്‍മാണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ആറന്മുളയിലെ വാസ്തുവിദ്യാ ഗുരുകുലമാണ് മാസ്റ്റര്‍ പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയത്. കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ കൂടിയായ ഗുരുകുലം എക്സി ഡയറക്റ്റര്‍ എന്‍.പി.സുരേഷ് താത്പര്യമെടുത്ത് ഫണ്ട് അനുവദിച്ചാണു വീണ്ടും നിര്‍മാണം നടത്തിയത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണു നിര്‍മാണച്ചുമതല. അതുവരെ അനുവദിച്ച ഒരു കോടി 27ലക്ഷം രൂപയ്ക്കു പുറമേ 35 ലക്ഷം രൂപ കൂടി കോംപൗണ്ടിന്റെ നിര്‍മാണത്തിനായി അനുവദിക്കാമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞിരുന്നു. 80ശതമാനത്തോളം പണികള്‍ പൂര്‍ത്തീകരിച്ച കൂത്തമ്പലത്തില്‍ ബാക്കിയുണ്ടായിരുന്നത് മേല്‍ക്കൂരയില്‍ ടെയിലുകള്‍ വിരിക്കുന്നതിന്റെയും ഫ്ലോറിങ്ങിന്റെയും പണികളായിരുന്നു.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: