ആലപ്പുഴ: പാര്‍ട്ടി കോണ്‍ഗ്രസും പൊളിറ്റ്ബ്യൂറോയും വരെ തള്ളിപ്പറഞ്ഞ പിഡിപി ബന്ധം ശക്തിപ്പെടുത്താന്‍ സിപിഎം വീണ്ടും ശ്രമം തുടങ്ങി. മദനിയുടെ മോചനവുമായി ബന്ധപ്പെട്ട് പിഡിപി മലപ്പുറത്ത് 10ന് നടത്തുന്ന മലബാര്‍ സംഗമം ഉദ്ഘാടനം ചെയ്യുന്നത് പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയാണ്. കോണ്‍ഗ്രസിലേയും ലീഗിലേയും തീവ്രമുസ്ലിം പക്ഷപാതമുള്ള ചില നേതാക്കളും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കേരളത്തിലെ ദയനീയ പരാജയത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് പിഡിപി ബന്ധവും പിണറായി വിജയന് മദനിയുമായി വേദി പങ്കിട്ടതുമാണെന്ന് പിന്നീട് പാര്‍ട്ടി കോണ്‍ഗ്രസും പൊളിറ്റ്ബ്യൂറോയും വിലയിരുത്തിയിരുന്നു. തുടക്കത്തില്‍ പിഡിപി ബന്ധത്തെ അനുകൂലിച്ചിരുന്ന സിപിഎം ഔദ്യോഗികപക്ഷവും തങ്ങള്‍ക്ക് തെറ്റുപറ്റിയതായി കുമ്പസരിച്ചിരുന്നു.
പിഡിപിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താനുള്ള സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയത് വി.എസ്.അച്യുതാനന്ദന്റെയും സിപിഐയുടെയും ഉറച്ച നിലപാടുകളായിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പിഡിപിയുമായി വീണ്ടും ബന്ധം തുടരാന്‍ സിപിഎം ഔദ്യോഗികപക്ഷം നീക്കം നടത്തുകയാണ്. മലബാര്‍ മേഖലയിലെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ വീണ്ടും സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോടതി പോലും ജാമ്യം നിഷേധിച്ച മദനിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമ്മേളനത്തില്‍ സിപിഎമ്മിന്റെ അത്യുന്നത സമിതിയംഗം പങ്കെടുക്കുന്നത്.
സിപിഎം സ്വതന്ത്ര എംഎല്‍എയും എംപിയുമായിരുന്ന സെബാസ്റ്റ്യന്‍ പോളും ഔദ്യോഗികപക്ഷത്തിന്റെ വക്താവുമായ ഭാസുരേന്ദ്രബാബുവുമാണ് മദനി മോചനത്തിനായി മനുഷ്യാവകാശത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നത്. സിപിഎം ഔദ്യോഗികപക്ഷത്തിന്റെ ഒത്താശയോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ തന്നെ പാര്‍ട്ടിയില്‍ ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒടുവില്‍ മറനീക്കി പിഡിപിയുമായി വേദി പങ്കിടാന്‍ സിപിഎം തയാറായിരിക്കുന്നത്.
ലീഗിലെ അസംതൃപ്തരും പിഡിപിയും മറ്റുചില തീവ്രമുസ്ലിം സംഘടനകളും ഒന്നിച്ചണിനിരക്കുമ്പോള്‍ അതിന്റെ നേതൃസ്ഥാനം വഹിക്കാനും അതുവഴി മുസ്ലിം പീഡനത്തെ ചെറുക്കാന്‍ സിപിഎം മാത്രമേയുള്ളൂവെന്നും അവകാശവാദമുന്നയിക്കാനുമാണ് സിപിഎം ശ്രമിക്കുന്നത്.
>> പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: