പാലക്കാട്: ടാക്സിഡ്രൈവറെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയ കേസില്‍ ഒരുപ്രതി അറസ്റ്റിലായി. മൂന്നുപേരെ കൂടി പിടികൂടാനുണ്ടെന്ന് പാലക്കാട് ഡിവൈ.എസ്.പി പി.ബി.പ്രശോഭ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റ കൊക്കിക്കുളമ്പ് വീട്ടില്‍ അയ്യപ്പന്റെ മകന് ഉന്മേഷ് (27) ആണ് അറസ്റ്റിലായത്. സംഭവത്തിലെ മുഖ്യപ്രതി മുഹമ്മദലി എന്ന മുല്ല (22), പ്രസാദ് (32), അബുതാഹിര്‍ (28) എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
തൃശൂര്‍ ചേലക്കര ആലക്കല്പ്പറമ്പ് മുത്തുവിന്റെ മകന് രഘു എന്ന കണ്ണന് (39) ആണ് കഴിഞ്ഞ ദിവസം മൃഗീയമായി കൊല ചെയ്യപ്പെട്ടത്. ചേലക്കര ടാക്സി സ്റ്റാന്റില്‍ നിന്നും ഊട്ടിയിലേക്ക് ഓട്ടം വിളിച്ച് രഘുവിനെ കൊലപ്പെടുത്തി പാലക്കാട് തിരുനെല്ലായി പുഴയില്‍ തള്ളിയശേഷം വാഹനവുമായി സംഘം രക്ഷപ്പെടുകയായിരുന്നു. ഉന്മേഷിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരപ്രകാരം നഷ്ടപ്പെട്ട രഘുവിന്റെ കെ എല്‍ 48 ഡി 9429 നമ്പര്‍ ടവേര കാര്‍ കോയമ്പത്തൂര്‍ ഗണപതി നഗറില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; കഴിഞ്ഞ ആറിന് വൈകീട്ട് ചേലക്കര സ്റ്റാന്റില്‍ നിന്നും മുഹമ്മദലിയാണ് വണ്ടി ഓട്ടം വിളിച്ചത്. മുഹമ്മദലിയുടെ സംസാരത്തില്‍ സംശയം തോന്നിയ മറ്റു ചില ടാക്സിക്കാര്‍ പോകാന്‍ വിസമ്മതിച്ചിരുന്നു. ഒടുവില്‍ രഘു ഓട്ടം പോകാന്‍ തയ്യാറായതിനെ തുടര്‍ന്ന് മുഹമ്മദലി സമീപത്തെ ടെലിഫോണ്‍ ബൂത്തില്‍ നിന്നും മറ്റു പലരെയും വിളിച്ചതായും ടാക്സി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കാരപ്പൊറ്റയില്‍ നിന്നും ചില സുഹൃത്തുക്കളെ കൂട്ടാനുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അതുവഴി വന്ന വണ്ടിയില്‍ മറ്റു മൂന്നുപേരും കയറി. വണ്ടി കാരപ്പൊറ്റ, വടക്കഞ്ചേരി ഭാഗങ്ങളില്‍ തന്നെ കറങ്ങുകയും തുടര്‍ന്ന് റബര്‍ എസ്റ്റേറ്റും മറ്റുമായി ആളൊഴിഞ്ഞ ഭാഗത്ത് വണ്ടി നിര്‍ത്തി സംഘം മദ്യപാനം ആരംഭിച്ചു. ഇതോടെ സംശയം തോന്നിയ രഘു ഓട്ടം പോകാന്‍ വിസമ്മതിച്ചു. വീട്ടില്‍ അച്ഛനെ വിളിച്ച് ഓട്ടം പോകുന്നില്ലെന്നും തിരിച്ചു വരികയാണെന്നും അറിയിച്ച ശേഷം ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ രഘുവിനെ പിന്‍സീറ്റിലിരുന്ന പ്രസാദും അബുതാഹിറും ഉന്മേഷും ചേര്‍ന്ന് പിന്നിലേക്ക് വലിച്ചു പിടിച്ചു.
പ്രസാദ് തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചു. ഇതിനിടെ മുന്‍സീറ്റിലിരുന്ന മുഹമ്മദലി കത്തി കൊണ്ട് രഘുവിന്റെ കഴുത്തറക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഡിക്കിയിലേക്ക് മാറ്റിയ ശേഷം സംഘം പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്നു. തിരുനെല്ലായി പാലത്തില്‍ വണ്ടി നിര്‍ത്തി മൃതദേഹം പുഴയില്‍ തള്ളുന്നതിന് മുന്‍പായി വയര്‍ കുത്തിക്കീറി. പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് വലിച്ചെറിഞ്ഞ ശേഷം വാഹനവുമായി കോയമ്പത്തൂരിലേക്ക് തിരിച്ചു. ഉക്കടത്തുവെച്ച് വണ്ടി കഴുകി വൃത്തിയാക്കി വില്‍പ്പന നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വണ്ടി ഉപേക്ഷിച്ച് മടങ്ങി. നാലുപേരും സംശയം തോന്നാതിരിക്കാന്‍ കാരപ്പൊറ്റയില്‍ തന്നെ തിരിച്ചെത്തിയിരുന്നെങ്കിലും അന്വേഷണം കേന്ദ്രീകരിക്കുന്നതറിഞ്ഞ് മുങ്ങുകയായിരുന്നു. ഉന്മേഷിനെ കാരപ്പൊറ്റയില്‍ നിന്നു തന്നെയാണ് അറസ്റ്റ് ചെയ്തത്.
വണ്ടി വിളിക്കാനെത്തിയ മുഹമ്മദലിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മുഹമ്മദലി ആദ്യം സംസാരിച്ച ടാക്സി ഡ്രൈവര്‍മാര്‍ നല്കിയ സൂചന പ്രകാരം പൊലീസ് വടക്കഞ്ചേരി, കണ്ണമ്പ്ര, കാരപ്പൊറ്റ, ചേലക്കര, ഇളനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. മുഹമ്മദലിയുടെ വിവരങ്ങളും ഫോട്ടോയും ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളാണ് വണ്ടി വിളിക്കാനെത്തിയതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുമായി അടുത്ത ബന്ധമുള്ളവരെ കണ്ടെത്തി ചോദ്യം ചെയ്തു. അങ്ങനെയാണ് ഉന്മേഷ് അറസ്റ്റിലായത്.
സി ഐമാരായ ബി സന്തോഷ്, കെ എം ബിജു, സണ്ണി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ വി ബാബുരാജ്, ജി എസ് ഐമാരായ വിജയന്, ശാന്തന്, ക്രൈംസ്ക്വാഡ് അംഗങ്ങളായ അശോക്കുമാര്, റിനോയ്, സാജിത്ത്, കിഷോര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: