കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി റെയ്ഞ്ചില്‍പ്പെട്ട നൂല്പുഴ തേലമ്പറ്റയില്‍ കടുവയെ വെടിവച്ചുകൊന്ന സംഭവത്തില്‍ വകുപ്പുതല അന്വേഷണം ഉണ്ടായേക്കും. സ്വകാര്യ കാപ്പിത്തോട്ടത്തില്‍ രണ്ടുതവണ മയക്കുവെടിയേറ്റ കടുവയെ വെടിവച്ചുകൊന്ന സാഹചര്യമാണ് സംസ്ഥാന വനം വന്യജീവി വകുപ്പ് അന്വഷണവിധേയമാക്കുന്നത്. ഇതിനായി ചുമതലപ്പെടുത്തിയ അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സി.എസ്. എലാക്കി അടുത്ത ദിവസം വയനാട്ടിലെത്തുമെന്നാണ് വിവരം.
കടുവാവധത്തിന്റെ വിശദാംശങ്ങള്‍ ആരായുന്നതിന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ബത്തേരിയിലെത്തി. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ റാങ്കിലുള്ള സഞ്ജയ്കുമാര്‍, രവികിരണ്‍, ശിവകുമാര്‍ എന്നിവരെയാണ് വയനാട്ടില്‍ കടുവയെ വെടിവച്ചുകൊന്ന സംഭവം അന്വേഷിക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി നിയോഗിച്ചിരിക്കുന്നത്. കടുവയെ വെടിവെക്കാനെന്ന പേരില്‍ മൂന്ന് ദൗത്യസേനാ സംഘങ്ങളെ നിറതോക്കുമായി കാട്ടിലേക്കയച്ചത് അന്നുതന്നെ വിമര്‍ശനവിധേയമായിരുന്നു.
കാട്ടിനുള്ളില്‍നിന്ന് ഒരു വന്യജീവിയെയും വെടിവെക്കാന്‍ പാടില്ലെന്നിരിക്കെ തോക്കുമായി ദൗത്യസേന കാട്ടിലേക്ക് പോയതിന് യാതൊരു നീതീകരണവും ഇല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥരുടെ അഭിപ്രായം. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് വയനാടന്‍ കാടുകള്‍ കടുവാ സങ്കേതമാക്കാന്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി അനുമതി നല്‍കിയത്.
ബത്തേരി, നൂല്പുഴ, നെന്മേനി പഞ്ചായത്തുകളിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരതേടുന്നതിനിടെ നിരവധി വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത ആണ് കടുവ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തോക്കിന് ഇരയായത്. 12 വയസ് മതിക്കുന്ന കടുവയില്‍ രണ്ടാമത്തെ മയക്കുവെടി പ്രയോഗിച്ചയുടനെയാണ് ബുള്ളറ്റും പായിച്ചത്. മയക്കുമരുന്നിന്റെ രണ്ടാമത്തെ ഡോസും ശരീരത്തിലേറ്റ കടുവ മയങ്ങുന്നതിന് കാത്തുനില്‍ക്കാതെ വെടിയുണ്ട പ്രയോഗിച്ചതിലെ അനൗചിത്യത്തിനെതിരെ മൃഗസ്നേഹി-പരിസ്ഥിതി സംഘടനകള്‍ രംഗത്തുവന്നിരുന്നു. കടുവയെ കൊല്ലാനായി വെടിവച്ചത് ഉചിതമായില്ലെന്ന അഭിപ്രായമാണ് വനം-വന്യജീവി വകുപ്പിലെ ഉന്നതര്ക്കുമുള്ളത്.
കടുവാവേട്ടയില് പാലക്കാട് വൈല്‍ഡ് ലൈഫ് സിസിഎഫ്: ഒ.പി. കലേര്‍ നയിച്ച കേരള ദൗത്യസേനയെ സഹായിക്കുന്നതിന് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സംരക്ഷണ സേനാംഗങ്ങള്‍ വയനാട്ടില്‍ എത്തിയിരുന്നു. രണ്ടാമതും മയക്കുവെടിയേറ്റ കടുവ മുന്നോട്ട് ചാടിയപ്പോള്‍ ബന്ദിപ്പൂര്‍ സേനയിലെ ഒരംഗമാണ് അതിനെ വെടിവച്ചുകൊന്നതെന്നാണ് വനം-വന്യജീവി വകുപ്പ് അധികൃതര്‍ ആദ്യം പറഞ്ഞത്. കടുവയെ വെടിവയ്ക്കാന്‍ പാലക്കാട് വൈല്‍ഡ് ലൈഫ് സിസിഎഫ് നിര്‍ദേശം നല്‍കിയതായും വിശദീകരണമുണ്ടായി. എന്നാല്‍ കടുവയെ വെടിവച്ചത് മുത്തങ്ങ വൈല്‍ഡ് ലൈഫ് റെയ്ഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണെന്നാണ് വനം-വന്യജീവി വകുപ്പിലെ അടക്കം പറച്ചില്. മയക്കുവെടികള്‍ പ്രയോഗിക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന മേലധികാരികളില്‍ ആരുടെയും നിര്‍ദേശത്തിനു കാത്തുനില്‍ക്കാതെ തന്നിഷ്ടം കാട്ടുകയായിരുന്നുവെന്ന ആരോപണവും ഈ ഉദ്യോഗസ്ഥനുനേരേ ഉയര്‍ന്നിട്ടുണ്ട്.
വടക്കേ വയനാട് വനം ഡിവിഷനിലെ തിരുനെല്ലി പുലിവാല്‍മുക്കില്‍ കെണിയിലായതിനെത്തുടര്ന്ന് വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനത്തില്‍ വിട്ട കടുവയാണ് ബത്തേരി, നൂല്പുഴ. നെന്മേനി പഞ്ചായത്തുകളില്‍ ജനവാസകേന്ദ്രങ്ങളില്‍ ശല്യം ചെയ്യുന്നതെന്ന് സംശയം ഉയര്‍ന്നിരുന്നു.
തിരുനെല്ലിയില്‍നിന്നു പിടിച്ച കടുവയെ കുറിച്യാട് വനത്തില്‍ തുറന്നുവിട്ടതിനു പിന്നാലെയാണ് ഈ പഞ്ചായത്തുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടാന്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും രാഷ്ട്രീയ സമ്മര്‍ദ്ദവും കണക്കിലെടുത്ത് മുഖ്യമന്ത്രി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കടുവയെ വേട്ടയാടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവായത്.
കുറിച്യാട് വനത്തില്‍ വിട്ട കടുവ തന്നെയാണ് ബത്തേരിയിലും നൂല്‍പുഴയിലും ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങൂന്നതെന്ന് സ്ഥിരീകരിച്ച് കെണിവച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടിക്കാനായിരുന്നു ഉത്തരവ്. ഈ മാര്‍ഗങ്ങള്‍ ഫലവത്തായില്ലെങ്കില്‍ മറ്റുമാര്‍ഗങ്ങള്‍ തേടാമെന്നും ഉത്തരവില്‍ ഉണ്ടായിരുന്നു. കുറിച്യാട് വനത്തില്‍ വിട്ട പെണ് കടുവയെ വേട്ടയാടാനാണ് ഉത്തരവ് എന്നിരിക്കേ ആണ് കടുവയെ വെടിവച്ചു കൊന്നതും വകുപ്പുതല അന്വേഷണത്തിനു വിധേയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: