ശൂരനാട്: അബ്ദുല്‍ സത്താറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കള്ളനോട്ട് കേസിലെ പ്രതി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍.
തമിഴ്നാട് തേച്ചിപ്പാറ സ്വദേശി ശെല്‍വരാജ്, ശൂരനാട് തെക്ക് മാന്തറയില്‍ ഡീന്‍ എന്നുവിളിക്കുന്ന ഷിഹാബുദീന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്. ശെല്‍വരാജിനെ തമിഴ്നാട്ടില്‍ നിന്നും ഷിഹാബുദീനെ കളിയിക്കാവിളയിലുള്ള ഒരു ലോഡ്ജില്‍}നിന്നുമാണ് പോലീസ് അറസ്റ്റുചെയ്തത്.
2011 മേയ് ഏഴിനാണ് പോരുവഴി കമ്പലടി ചിറയുടെ തെക്കതില്‍ അബ്ദുല്‍ സത്താറിനെ ഭരണിക്കാവില്‍ മുസലിയാര്‍ ഫാമിലെ കുളത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ലോക്കല്‍ പോലീസ് തുടക്കത്തില്‍ ആത്മഹത്യയാക്കി കേസ് എഴുതിതള്ളുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരപരിപാടികള്‍ നടത്തുകയും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ മാറ്റി കേസ് അട്ടിമറിക്കാന്‍ ഉന്നത പോലീസ് കേന്ദ്രങ്ങളില്‍ നീക്കം നടക്കുന്നതായി ആരോപണം ഉയരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജഗോപാല്‍ അന്വേഷണ ചുമതല ഏറ്റെടുക്കുകയും കമ്പലടി ചിറയുടെ തെക്കതില്‍ സലിം, സിനിമാപറമ്പ് സ്വദേശി ശിവപ്രസാദ് എന്നിവരെ അറസ്റ്റുചെയ്യുകയും ചെയ്തു. പിന്നീട് രാജഗോപാലിനെ മാറ്റി കേസന്വേഷണ ചുമതല ബര്‍ണാഡ് ദേവിന് നല്‍കുകയും ചെയ്തു.
ഇതിനിടയില്‍ സത്താറിന്റെ കൊലപാതകികളെ സംരക്ഷിക്കാന്‍ നീക്കം നടക്കുകയും ഇതിന് പിന്നില്‍ കള്ളനോട്ട് കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് പരക്കെ സംസാരമുയര്‍ന്നിരുന്നു. ഇതിനെതുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സാംക്രിസ്റ്റി ഡാനിയലിന് ചുമതല നല്കി. സത്താറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെന്ന് സംശയിക്കുന്ന ചിലരെ അന്വേഷണസംഘം കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസിന്റെ ഉന്നതങ്ങളില്‍ പിടിപാടുള്ള പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് വൈകിപ്പിച്ചതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു.
സത്താറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കിടക്കുന്ന സംഘത്തെക്കുറിച്ചും, നേരത്തെ പ്രതികളായി പോലീസില്‍ കുറ്റമേറ്റ സലീമിനും ശിവപ്രസാദിനും വന്‍തുക നല്കി കുറ്റമേറ്റ് പറയിച്ചവരെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതിനെതുടര്‍ന്ന് വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കേസ് ഒതുത്തി തീര്‍ക്കാന്‍ ശ്രമം നടന്നതായുള്ള ആരോപണവും നിലനിന്നിരുന്നു.
സത്താറിന്റെ കൊലപാതകം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഏറെ നാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിനിടയിലാണ് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം പ്രതികളെ പിടികൂടിയത്. സാംക്രിസ്റ്റിയെ കൂടാതെ എസ്ഐ രാജീവ്, എഎസ്ഐ മധു, വിജയന് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇനിമൂന്നുപേരെ കൂടി പിടികിട്ടാനുള്ളതായി അന്വേഷണസംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: