കൊല്‍ക്കത്ത/ ന്യൂദല്‍ഹി: ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വരുന്ന മൊബെയില്‍ ഫോണ്‍ ഉപഭോക്താക്കള്‍ പുതിയ മൊബെയില്‍ ഫോണ്‍ സേവന ദാതാക്കളെ കണ്ടെത്തേണ്ടി വരും. മൂന്ന് ടെലികോം കമ്പനികളുടെ ലൈസന്‍സ് കാലാവധി അടുത്ത മാസം അവസാനിക്കുന്നതിനെ തുടര്‍ന്നാണിത്. ടെലിനോര്‍, വീഡിയോകോണ്‍, ടാറ്റ ടെലിസര്‍വീസസ് എന്നീ മൊബെയില്‍ ഫോണ്‍ കമ്പനികളുടെ കാലാവധിയാണ് 2013 ജനുവരി 18 ഓടെ അവസാനിക്കുന്നത്. ഈ മൂന്ന് കമ്പനികള്‍ക്കും കൂടി ഏകദേശം 10 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്.
2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ മൂന്ന് കമ്പനികള്‍ ഉള്‍പ്പടെ 9 ടെലികോം കമ്പനികളുടെ പെര്‍മിറ്റ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജനുവരി 18 വരെയാണ് ഈ കമ്പനികള്‍ക്ക് പ്രവര്‍ത്താനാനുമതി നല്‍കിയിരിക്കുന്നത്.
നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിനോറിന് മുംബൈ, കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഒഴികെ ആറ് സര്‍ക്കിളുകളില്‍ പ്രവര്ത്തുക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഈ മൂന്ന് നഗരങ്ങളിലായി 7.5 ദശലക്ഷം ഉപഭോക്താക്കളാണ് ടെലിനോറിനുള്ളത്. അതുപോലെതന്നെ വീഡിയോകോണിന് ആറ് പ്രദേശങ്ങളില്‍ പ്രവര്‍ത്തനാനുമതി തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ മുംബൈ, മഹാരാഷ്ട്ര, തമിഴ്നാട്, കൊല്‍ക്കത്ത, കേരള, കര്‍ണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാന് തുടങ്ങി 11 സര്‍ക്കിളുകളില്‍ ജിഎസ്എം പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും. ഈ പ്രദേശങ്ങളില്‍ എല്ലാം കൂടി 1.7 ദശലക്ഷം ഉപഭോക്താക്കളാണ് വീഡിയോകോണിനുള്ളത്. സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയാണ് വരിക്കാരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ടാറ്റ ടെലിസര്‍വീസസിന് മൂന്ന് ലക്ഷത്തോളം ഉപഭോക്തക്കളെയാണ് നഷ്ടമാവുക. 2013 മാര്‍ച്ചിന് മുമ്പ് ഒരു തവണ കൂടി സ്പെക്ട്രം ലേലം നടത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ആറ് സര്‍ക്കിളുകളില്‍ ബിസിനസ് തുടരുമെന്നും മുംബൈ, കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ജനുവരി 18 വരെയായിരിക്കും സേവനം ലഭ്യമാവുകയെന്നും ടെലിനോര്‍ ഗ്രൂപ്പ് വക്താവ് അറിയിച്ചു. എന്നാല്‍ ഈ റീജിയണുകളിലെ ജീവനക്കാരുടെ ഭാവി എന്തായിരിക്കും എന്നകാര്യത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
വീഡിയോകോണ്‍ ചെയര്മാന് വേണുഗോപാല്‍ ധൂതും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സര്‍ക്കിളുകളിലെ ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും ബിസിനസ് പങ്കാളികളുടേയും കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ടാറ്റ ടെലിസര്‍വീസസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: