ന്യൂദല്‍ഹി: പാക്ക് സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ രൂക്ഷ വിമര്‍ശനം. 1993ലെ മുംബൈ സ്ഫോടന പരമ്പരകളുടെ പൂര്‍ണ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്ന് തുറന്നടിച്ചാണ് ഷിന്‍ഡെ വിമര്‍ശനമുന്നയിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പാക്കിസ്ഥാനുള്ള അസൂയയുടെ ഫലമാണ് മുംബൈ സ്ഫോടന പരമ്പരയെന്ന് ഷിന്‍ഡെ വ്യക്തമാക്കി. സ്ഫോടന പമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ മുഴുവന്‍ സംരക്ഷിക്കുന്നത് പാക്കിസ്ഥാനാണെന്ന് ഷിന്‍ഡെ ആരോപിച്ചു. ഇന്ത്യയില്‍ വിചാരണ നേരിടുന്ന ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാനാണ് സംരക്ഷിച്ചുപോരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ താറുമാറാക്കുന്നത് പാക്കിസ്ഥാനാണ്. പാക്കിസ്ഥാനില്‍ നിന്നും വ്യാപകമായി കള്ളനോട്ട് ഇന്ത്യയിലെത്തിച്ച് ഇന്ത്യയുടെ വളര്‍ച്ചയെ ദുര്‍ബലപ്പെടുത്താനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നതെന്നും ഷിന്‍ഡെ പറഞ്ഞു. ഇതിന് മുമ്പ് ഒരിക്കലും പാക്കിസ്ഥാനെതിരെ ഷിന്‍ഡെ ഇത്തരത്തിലൊരു കടന്നാക്രമണം നടത്തിയിട്ടില്ല. 1991 മുതലാണ് ഇന്ത്യയില്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ സാമ്പത്തിക മേഖലയില്‍ ഇന്ത്യ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. പക്ഷെ അയല്‍രാജ്യമായ പാക്കിസ്ഥാന് നമ്മുടെ പുരോഗതിയില്‍ കണ്ണുകടിയാണ്. ഇന്ത്യയിടെ അടിത്തറ തകര്‍ക്കാനാണ് മുംബൈയില്‍ പാക്കിസ്ഥാന് ആസൂത്രിതമായി സ്ഫോടനങ്ങള്‍ നടത്തിയത്. 13 സ്ഫോടന പരമ്പരകളാണ് അന്ന് ഉണ്ടായത്, ഷിന്‍ഡെ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷിന്‍ഡെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മുംബൈ സ്ഫോടനപരമ്പരകളുടെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള കൊടുംഭീകരരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരും. ഇവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും ഷിന്‍ഡെ വ്യക്തമാക്കി. ദാവൂദ് മാത്രമല്ല, മറിച്ച് മറ്റ് ഭീകരര്‍ക്കും സ്വര്ഗതാവളങ്ങള് ഒരുക്കിക്കൊടുക്കുന്നത് പാക്കിസ്ഥാനാണ്. ഇവരെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ കൊണ്ടും വരുകയും വിചാരണ നടപടികള്‍ തുടങ്ങുകയും ചെയ്യുമെന്ന് ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. ഇതിനുവേണ്ടി ചില അന്താരാഷ്ട്ര സംഘടനകളുമായി തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസം റോമില്‍ നടന്ന ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയില്‍ പാക്കിസ്ഥാനെതിരെ ചില വിമര്‍ശനങ്ങള്‍ ഷിന്‍ഡെ ഉന്നയിച്ചിരുന്നു. ഭീകരര്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് പാക്കിസ്ഥാനാണെന്നും ഇതിന് തങ്ങളുടെ കൈവശം വ്യക്തമായ തെളിവുണ്ടെന്നും ഷിന്‍ഡെ പറഞ്ഞിരുന്നു.
ഇന്ത്യയിലേക്ക് പാക്കിസ്ഥാനില്‍ നിന്നും വന്‍ തോതില്‍ കള്ളനോട്ട് ഒഴുകുന്നുണ്ട്. ഇന്ത്യയെ തകര്‍ക്കാന്‍ പാക്കിസ്ഥാന് ആസൂത്രിതമായാണ് ഇത് ചെയ്യുന്നതെന്നും ഷിന്‍ഡെ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സുരക്ഷ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, ഇതിനുവേണ്ടി ചില സുരക്ഷാ പദ്ധതികള്‍ തയ്യാറാക്കാന്‍ തങ്ങള്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1993ല്‍ മുംബൈയില്‍ നടന്ന സ്ഫോടന പരമ്പരയില്‍ 300ഓളം പേരാണ് കൊല്ലപ്പെട്ടത്. 700ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അധോലോക നായകന് ദാവൂദ് ഇബ്രാഹിമാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: