മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാംസ ഭക്ഷണം വിളമ്പാനുള്ള സംഘാടക സമിതി തീരുമാനം വിവാദത്തിലേക്ക്. കലോത്സവത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് മാംസ ഭക്ഷണം വിളമ്പാന്‍ ഒരുങ്ങുന്നത്. മലപ്പുറത്ത് കലോത്സവം നടക്കുമ്പോള്‍ മലപ്പുറത്തിന്റെ തനത് വിഭവങ്ങള്‍ ഒരുക്കുമെന്നാണ് ഇതെകുറിച്ച് സംഘാടക സമിതിയുടെ അവകാശ വാദം. എന്നാല്‍ പരമ്പരാഗതമായ മലപ്പുറത്തിന്റെ ഭക്ഷണസംസ്കാരത്തിന് കേരളത്തിന്റെ പൊതുവെയുള്ള ഭക്ഷ്യസംസ്കാരത്തിനും വിരുദ്ധമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
ജനുവരി പതിനാലുമുതല്‍ ഏഴുദിവസങ്ങളിലായാണ് 53-ാം മത് സംസ്ഥാന കലോത്സവം മലപ്പുറത്ത് അരങ്ങേറുന്നത്. കേരളത്തിന്റെ പൊതുവായ ഭക്ഷ്യസംസ്കാരം വെജിറ്റേറിയന്‍ ആണെന്നും കഴിഞ്ഞ 52 വര്‍ഷവും കലോത്സവ വേദികളില്‍ വെജിറ്റേറിയന്‍ വിഭവങ്ങളാണ് രുചിയുടെ വിസ്മയ ലോകം തീര്‍ത്തതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. മലപ്പുറംജില്ല പ്രത്യേകമതവിഭാഗത്തിന്റെതു മാത്രമാണെന്നും ആ മതവിഭാഗത്തിന്റെ ആചാരരീതികളാണ് പൊതുസമൂഹം പിന്തുടരേണ്ടതെന്നുമുള്ള ചില ഭരണാധികാരികളുടെ ഏകപക്ഷീയ മനോഭാവമാണ് മാംസാഹാരം വിളമ്പാനുള്ള തീരുമാനത്തിനുപിന്നില്‍ എന്നാണ് വിമര്‍ശനം ഉയരുന്നത്.
ലോകം മുഴുവന്‍ ആരോഗ്യപരവും സാമൂഹ്യ ശാസ്ത്രപരവുമായ കാരണങ്ങളാല്‍ വെജിറ്റേറിയനിസത്തിലേക്കേ മടങ്ങുമ്പോള്‍ അതിന് കടകവിരുദ്ധമായ നിലപാടാണ് കലോത്സവ സംഘാടക സമിതി കൈക്കൊള്ളുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സസ്യാഹാരത്തിന്റെ മേന്മ കുട്ടികളെ പഠിപ്പിക്കേണ്ടവര്തന്നെ തലതിരിഞ്ഞ രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്നും വിമര്‍ശകര്‍ ആക്ഷേപിക്കുന്നു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകഭൂമികൂടിയാണ് മലപ്പുറം. നൂറ്റാണ്ടുകളായി മലയാളസംസ്കാരവും ജീവിത രീതിയും തഴച്ചുവളരുകയും മുഴുവന്‍ കേരളത്തിനും ആരാധ്യമായ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്ത മണ്ണാണ് മലപ്പുറത്തിന്റെതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ സാംസ്കാരിക പൈതൃകത്തെ നിഷേധിക്കുന്നതിന് തുല്യമാണ് കലയുടെയും സംസ്കാരത്തിന്റെയും കേളീരംഗമായ കലോത്സവ വേദിയില്‍ തന്നെ മാംസാഹാരം വിളമ്പാന്‍ ശ്രമിക്കുന്നതിലൂടെ ചിലര്‍ ചെയ്യുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇടതുപക്ഷ അനൂകല അധ്യാപക സംഘടനയായ കെ എസ് ടി എ ക്കാണ് ഭക്ഷണ കമ്മറ്റിയുടെ ചുമതല. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ തന്നെയാണ് കെ എസ് ടി എ നേതൃത്തിലെ ഒരു വിഭാഗം ശ്രമിക്കുന്നത്.
മാംസാഹാരം വിളമ്പാനുള്ള തീരുമാനത്തിനുപിന്നില്‍ ചിലരുടെ സാമ്പത്തിക താല്പര്യങ്ങളും ഉള്ളതായി സൂചനയുണ്ട്. തമിഴ്നാട്ടില്‍ നിന്നും ഉരുക്കളെയും ഇറച്ചിക്കോഴികളെയും വില്‍പ്പനക്കായി ചില കരാറുകാരും ഈ നീക്കത്തിനുപിന്നില്‍ ചരടുവലിക്കുന്നുണ്ടെന്നാണ് സൂചന.
എന്നാല്‍ ഭൂരിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും കലോത്സവ വേദിയില്‍ മാംസാഹാരം വേണ്ടന്നെ നിലപാടിലാണ്. ഒരാഴ്ചയിലേറെകാലം പതിനായിരങ്ങള്‍ ഒത്തുചേരുന്ന മേളയില്‍ വേണ്ടത്ര ശുചിത്വവും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്താന്‍ കഴിയാത്ത സാഹചര്യം ഇതുമൂലം ഉണ്ടാകുമെന്ന ആശങ്കയും പലരും പങ്കുവെക്കുന്നു. സസ്യാഹാരത്തെ അപേക്ഷിച്ച് ശരിയായി പാചകം ചെയ്തില്ലെങ്കിലോ വേണ്ടത്ര ശുചിത്വം പാലിച്ചില്ലെങ്കിലോ ഭക്ഷ്യ വിഷബാധപോലെയുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്കും മാംസാഹാരം ഒരുക്കുന്നത് ഇടയാക്കും.
>> ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: