പത്തനാപുരം: ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇത്തവണ ബജറ്റില്‍ ഇടത്താവളത്തിന് തുക വകയിരുത്താതിരിക്കുന്നത് ശബരിമലയോടും അയ്യപ്പഭക്തരോടും കാണിക്കുന്ന അനാദരവാണെന്ന് ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി. ഗ്രാമപഞ്ചായത്തിന് മുന്പില് നടന്ന ഏകദിന നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബജറ്റില്‍ ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് ഒരുലക്ഷവും വകയിരുത്തിയിരുന്ന സ്ഥലത്ത് ഇത്തവണ നയാപൈസപോലും വകയിരുത്തിയിട്ടില്ല. മണ്ഡലകാലം പകുതിയായിട്ടും താല്‍ക്കാലികമായിപ്പോലും ഇടത്താവളം നിര്‍മ്മിക്കാത്തത് പഞ്ചായത്തിന്റെ താലിബാനിസമാണ് വ്യക്തമാക്കുന്നത്. ഈ അവഗണന ആരെ പ്രീണിപ്പിക്കുന്നതിനാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് സുഭാഷ് പറഞ്ഞു. ബിജെപി പത്തനാപുരം പഞ്ചായത്ത് സമിതി പ്രസിഡന്റ് കവലയില്‍ സുജി, ജനറല്‍ സെക്രട്ടറി ആര്. രജികുമാര്‍, കമ്മിറ്റിയംഗം രാധാകൃഷ്ണന് പാതിരിക്കല്‍ എന്നിവര്‍ സത്യാഗ്രഹമനുഷ്ഠിച്ചു. നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് ജെ. രമേശന്, സുകു പി. ഉണ്ണിത്താന്, വിശ്വനാഥനാചാരി, അനൂഷ് കോളൂര്, വാസുദേവന്‍പിള്ള, ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: