കൊച്ചി: പത്രപ്രവര്‍ത്തനരംഗത്ത് അര നൂറ്റാണ്ട് തികയ്ക്കുന്ന ടി.വി.ആര് ഷേണായിയെ ജന്മനഗരമായ കൊച്ചി ആദരിക്കുന്നു. എറണാകുളം പ്രസ് ക്ലബ്ബും ഷേണായിയുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് സഫലമായ അര നൂറ്റാണ്ട് എന്ന പേരില്‍ ആദരവ് ഒരുക്കുന്നത്.
2012 ഡിസംബര്‍ 9 ന് രാവിലെ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന ചടങ്ങ് കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷിമന്ത്രി പ്രൊഫ.കെ.വി തോമസ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.എം.കെ. സാനു, ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍, സി.ഐ.ടി.യു സെക്രട്ടറി എം.എം ലോറന്‍സ്, കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, കേരള പ്രസ് അക്കാഡമി ചെയര്മാന് എന്‍.പി രാജേന്ദ്രന് എന്നിവര്‍ ആശംസകള്‍ നേരും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള മട്ടാഞ്ചേരി സ്വാഗതവും സെക്രട്ടറി എം.എസ് സജീവന് നന്ദിയും പറയും.
എറണാകുളത്ത് ജനിച്ച ടി.വി.ആര് ഷേണായി പത്രപ്രവര്‍ത്തനരംഗത്ത് ദേശീയ അന്തര്‍ദേശീയതലത്തില്‍ പ്രശസ്തനാണ്. പ്രമുഖ വാര്ത്താവാരികകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഓണ്‍ലൈനുകളിലും നിരവധി പ്രസിദ്ധീകരണങ്ങളിലും കോളമിസ്റ്റാണ്. രാഷ്ട്രീയം, സമ്പദ്വ്യവസ്ഥ, സാമൂഹ്യപ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ശ്രദ്ധേയനായ അദ്ദേഹം ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: