വൈക്കം: തെക്കന്കാശിയെന്നു വിഖ്യാതമായ വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിദര്‍ശനം പന്ത്രണ്ടാം ഉത്സവദിനമായ നാളെ നടക്കും. വെളുപ്പിന് 4.30നാണ് അഷ്ടമിദര്‍ശനം. ക്ഷേത്രത്തിന്റെ കിഴക്കേ ആല്‍ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദമഹര്ഷിക്കു പത്നീ സമേതനായി പരമേശ്വരന് ദര്‍ശനം നല്കി അനുഗ്രഹിച്ച കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി മുഹൂര്‍ത്തത്തിലാണ് അഷ്ടമി ദര്‍ശനം. ഉച്ചയ്ക്ക് 151 പറയുടെ പ്രാതല്‍ വഴിപാട് നടത്തും. പതിനായിരക്കണക്കിന് ഭക്തര്‍ പ്രാതല്‍ ഭക്ഷിക്കാനെത്തും. അഷ്ടമിദര്‍ശനം തൊഴുവാന്‍ ഇന്നു വൈകിട്ട് മുതലേ ഭക്തജനങ്ങള്‍ എത്തും.
ഇന്നലെ രാത്രി വലിയവിളക്ക് ദര്‍ശനത്തിന് വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ ഉത്സവബലി ദര്‍ശനവും, വൈകുന്നേരം 5 മുതല്‍ കാഴ്ചശ്രീബലിയും നടക്കും. നൃത്തനൃത്യങ്ങളും, ഭക്തിഗാനമേളയും, ഹരികഥയും കലാമണ്ഡപത്തില്‍ അരങ്ങേറും.
അഷ്ടമി ദിവസം ഉച്ചകഴിഞ്ഞ് മട്ടന്നൂരിന്റെ ട്രിപ്പിള്‍ തായമ്പക അരങ്ങേറും. 6.30ന് നടക്കുന്ന ഹിന്ദുമതകണ്വന്ഷന് ഹൈക്കോടതി ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി. ഗോവിന്ദന്‍നായര്‍ അധ്യക്ഷത വഹിക്കും. ദേവസ്വം മെമ്പര്‍ സുഭാഷ് വാസു, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, തിരുവാഭരണം കമ്മീഷണര്‍ അനിത, ബോര്‍ഡ് സെക്രട്ടറി എസ്.ഉണ്ണികൃഷ്ണന്, ചീഫ് എഞ്ചിനീയര്‍ കെ.രവികുമാര്‍, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ആര്.ബാബുരാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.എസ്.വിനോദ് തുടങ്ങിയവര്‍ പ്രസംഗിക്കും. രാരതി 8ന് ഭക്തിഗാനമേള, 10ന് സംഗീതസദസ്സ്. 11ന് ഉദയനാപുരത്തപ്പന്റെ വരവും അഷ്ടമിിളക്കും നടക്കും.
അഷ്ടമിത്തിരക്ക് കണക്കിലെടുത്ത് വൈക്കത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിവി പുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ചേരുംചുവട് പാലം കയറി വടക്കോട്ട് വന്ന് മുരയന് കുളങ്ങരവഴി ദളവാക്കുളം ബസ്സ് ടെര്‍മിനലില്‍ എത്തി ആളിറക്കി ടൗണില്‍ കയറാതെ അതുവഴി മടങ്ങിപോകണം.
ചേര്‍ത്തല, ആലപ്പുഴ ഭാഗത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ ചേരുംചുവട്, മുരയന്കുളങ്ങര പുളിംചുവട് വഴി വൈക്കം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തി യാത്രക്കാരെ ഇറക്കി അതുവഴിതന്നെ തിരികെ പോകേണ്ടതാണ്. ക്ഷേത്രത്തിന്റെ നാലു നടകള്‍ക്കും സമീപത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടുള്ളതല്ലെന്ന് വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ്.ബേബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: