തൃശൂര്‍: പുതിയൊരു നാടക സംസ്ക്കാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര നാടകോത്സവത്തിന് 100 രൂപ ടിക്കറ്റ് ഏര്‍പ്പെടുത്തിയതെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ.പി.വി.കൃഷ്ണന്‍നായര്‍. അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക്കിന് ഇതാദ്യമായി ടിക്കറ്റ് ഏര്‍പ്പെടുത്തിയതില്‍ പലയിടത്തുനിന്നും പ്രതിഷേധവും അക്കാദമിയുടെ തീരുമാനത്തിനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് അക്കാദമി ടിക്കറ്റ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ചത്.
അക്കാദമി ഒറ്റക്കെടുത്ത തീരുമാനമല്ലെന്നും നാടകരംഗത്തും നാടകപഠിതാക്കളുമായും മറ്റുള്ളവരുമായും കൂടിയാലോചിച്ചാണ് ഇറ്റ്ഫോക്കിന് 100 രൂപ ടിക്കറ്റ് വെക്കാമെന്ന് തീരുമാനിച്ചതെന്ന് സെക്രട്ടറി വിശദീകരിച്ചു. മുപ്പതോളം നാടകങ്ങള്‍ കാണുന്നതിന് വെറും നൂറുരൂപ മാത്രമേ മുടക്കേണ്ടതുള്ളുവെന്നും കൃഷ്ണന്‍നായര്‍ ചൂണ്ടിക്കാട്ടി. സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ടിക്കറ്റ് ഏര്‍പ്പെടുത്തുന്നതിനെ സ്വാഗതം ചെയ്തെന്നും നാളെ നാടകരംഗത്തേക്ക് ഇറങ്ങാനിരിക്കുന്ന തങ്ങളെപ്പോലുളളവര്ക്ക് ടിക്കറ്റ് വെച്ച് നാടകം കളിക്കുന്നത് ഗുണകരമാകുമെന്നാണ് അവര്‍ പറഞ്ഞതെന്നും കൃഷ്ണന്‍നായര്‍ വിശദീകരിച്ചു. ടിക്കറ്റ് വെച്ച് നാടകം കളിക്കാതെ ഇവിടെ നാടകം രക്ഷപ്പെടില്ലെന്ന് പ്രൊഫഷണല്‍ നാടകമത്സരം ഉദ്ഘാടനം ചെയ്യുമ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞത് കൃഷ്ണന്‍നായര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ടിക്കേറ്റ്ടുക്കാതെ നാടകം കാണാന്‍ പറ്റില്ലന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാടകപ്രതിഭകളുടെ പ്രസംഗം കേള്‍ക്കാന്‍ വരെ ടിക്കറ്റ് ഏര്‍പ്പെടുത്തിയ നാടുകളുണ്ടെന്നും കേരളത്തിലും പ്രസംഗം കേള്‍ക്കാന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തണമെന്ന് ഡോ.സുകുമാര്‍ അഴീക്കോട് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കൃഷ്ണന്‍നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: