ബീജിങ്: ചൈനീസ് ഭരണത്തിന്റെ നേതൃമാറ്റത്തിനുശേഷം നടക്കുന്ന ആദ്യ ഇന്ത്യാ-ചൈന ഉന്നതതല യോഗത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് ചൈനയിലെത്തി. ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം ചൈനയിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം പ്രസിഡന്റ് ഹൂജിന്റാവോയുള്പ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ചനടത്തും. ഉഭയകക്ഷി ബന്ധവും മറ്റ് ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ ഉണ്ടാവും. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നമായിരിക്കും ചര്‍ച്ചയിലെ മുഖ്യവിഷയം.
ചര്‍ച്ചയും കൂടിക്കാഴ്ചയും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചൈനയിലെ മുതിര്‍ന്ന നയതന്ത്രജ്ഞന് ബായി ബിങ്കൂവുമായി മേനോന് കൂടിക്കാഴ്ച നടത്തും. ഉപപ്രധാനമന്ത്രി ലീകെഖിയാങ്ങ്, ചൈനീസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീ ജിന്‍പിങ് എന്നിവരുമായും ചര്‍ച്ച നടത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി വെന്‍ജിയാവോ മാര്‍ച്ചില്‍ പടിയിറങ്ങുമ്പോള്‍ തല്‍സ്ഥാനത്ത് ലീ കെഖിയാങ്ങാണ് വരുന്നത്. അതേസമയം, ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കരസേനാ മേധാവി ബിക്രം സിംഗ് വിലയിരുത്തി. കരസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡര്‍ ലഫ്.ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് സുരക്ഷാ കാര്യങ്ങള്‍ വിശദീകരിച്ചു. വടക്കു കിഴക്കന്‍ മേഖലയിലെ സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി സൈനിക വക്താവ് ഗ്രൂപ്പ്ക്യാപ്റ്റന്‍ ടി.കെ. സിന്‍ഹ വ്യക്തമാക്കി. കിഴക്കന്‍ മേഖലയിലേക്ക് കൂടുതല്‍ സേനയെ വിന്യസിക്കാന്‍ കരസേന തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുകൂടാതെ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തും, മേഖലയില്‍ ബ്രഹ്മോസ് മിസെയില്‍ വിന്യസിക്കാനും തീരുമാനിച്ചതായി ബിക്രംസിംഗ് അറിയിച്ചു. കരസേനാ മേധാവിയായി ചുമതലയേറ്റശേഷമുള്ള ബിക്രംസിംഗിന്റെ ആദ്യ സന്ദര്‍ശനമാണിത്. കഴിഞ്ഞ മെയ് 31 നാണ് സിംഗ് കരസേനാ മേധാവിയായി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: